റഷ്യന്‍ സൈന്യം റിക്രൂട്ട് ചെയ്ത 2 ഇന്ത്യക്കാര്‍ ഉക്രെയ്ന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ റഷ്യന്‍ സൈന്യത്തില്‍ റിക്രൂട്ട് ചെയ്ത രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സര്‍ക്കാര്‍ റഷ്യയുമായി ഇതേപ്പറ്റി വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും റഷ്യന്‍ സൈന്യത്തിലെ ഇന്ത്യക്കാരുടെ റിക്രൂട്ട്മെന്റ് ഉടന്‍ നിര്‍ത്തണമെന്നും നിലവില്‍ റഷ്യന്‍ സൈന്യത്തിലുള്ള എല്ലാ ഇന്ത്യക്കാരെയും മടങ്ങാന്‍ അനുവദിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സംഭവത്തിന്റെ വെളിച്ചത്തില്‍ റഷ്യയില്‍ ജോലി ഏറ്റെടുക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റഷ്യന്‍ സൈന്യത്തിനൊപ്പമുള്ള എല്ലാ ഇന്ത്യന്‍ പൗരന്മാരെയും നേരത്തെ മോചിപ്പിക്കുന്നതിനും തിരികെയെത്തിക്കുന്നതിനും വേണ്ടി വിദേശകാര്യ മന്ത്രാലയവും മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയും ന്യൂഡല്‍ഹിയിലെ റഷ്യന്‍ അംബാസഡറുമായും മോസ്‌കോയിലെ റഷ്യന്‍ അധികാരികളുമായും വിഷയം ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

മാര്‍ച്ചില്‍, നിരവധി ഇന്ത്യക്കാര്‍ യുദ്ധത്തില്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം, ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആകര്‍ഷിച്ച ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു. ഇത്തരത്തില്‍ റഷ്യയില്‍ 20 ഓളം ആളുകള്‍ യുദ്ധമുഖത്തും മറ്റുമായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നും വേഗത്തില്‍ രക്ഷപെടുത്താന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഏപ്രിലില്‍, റഷ്യന്‍ സൈന്യത്തില്‍ സപ്പോര്‍ട്ട് സ്റ്റാഫായി ജോലി ചെയ്തിരുന്ന 10 ഇന്ത്യന്‍ പൗരന്മാര്‍ തിരിച്ചെത്തിച്ചിരുന്നതായി മന്ത്രാലയം അറിയിച്ചു.

റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ 200 ഓളം ഇന്ത്യന്‍ പൗരന്മാരെ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. മനുഷ്യക്കടത്ത് ശൃംഖലയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ മാസം നാല് പേരെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ഒരാള്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയവുമായി കരാറില്‍ ജോലി ചെയ്യുന്ന ആളായിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.

ഉയര്‍ന്ന ശമ്പളം കാട്ടി ആകര്‍ഷിച്ചാണ് ഇന്ത്യയില്‍ നിന്നടക്കം ആളുകളെ റഷ്യയിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ റഷ്യയില്‍ എത്തിക്കഴിഞ്ഞാല്‍ തങ്ങള്‍ക്ക് യുദ്ധപരിശീലനം നല്‍കുകയും യുദ്ധത്തിലേക്ക് തള്ളിവിടുന്നതായും ആളുകള്‍ പറയുന്നു.

More Stories from this section

family-dental
witywide