ടെക്സാസിലെ റൌണ്ട് റോക്കിലെ, പാർക്കിൽ ശനിയാഴ്ച രാത്രി ജുനീന്ത് ആഘോഷത്തിനിടെയുണ്ടായ വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
“ഓൾഡ് സെറ്റിൽസ് പാർക്കിൽ നടന്ന പരിപാടിക്കിടെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ വാക്കേറ്റമുണ്ടായി, തുടർന്ന് വെടിയുതിർക്കാൻ തുടങ്ങി,” റൗണ്ട് റോക്ക് പോലീസ് മേധാവി അലൻ ബാങ്ക്സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംഭവം നടക്കുന്ന സമയത്ത് ഒരു വലിയ ജനക്കൂട്ടം പരിപാടിയിൽ ഉണ്ടായിരുന്നു, ഒരുപാട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. വിവരം കിട്ടിയ ഉടൻ പൊലീസ് ഉദ്യോഗസ്ഥർ സഥ്ലത്തെത്തി എന്ന് അലൻ ബാങ്ക്സ് കൂട്ടിച്ചേർത്തു. ഇതുവരെ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എത്ര പേർ വെടി ഉതിർത്തു എന്നും വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണ്.
പരുക്കേറ്റവരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ആദ്യം രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ശനിയാഴ്ച രാത്രി ഓൾഡ് സെറ്റിൽസ് പാർക്കിൽ നടന്ന ജുനീന്ത് ഫെസ്റ്റിവലിൽ വ്യത്യസ്ത കലാകാരന്മാരുടെ സംഗീത പരിപാടികൾ ഉണ്ടായിരുന്നുവെന്ന് റൗണ്ട് റോക്ക് പാർക്ക്സ് ആൻഡ് റിക്രിയേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ ഫേസ്ബുക്ക് പേജ് പറയുന്നു. ഓസ്റ്റിനിൽ നിന്ന് ഏകദേശം 20 മൈൽ വടക്കായാണ് റൗണ്ട് റോക്ക് സ്ഥിതി ചെയ്യുന്നത്.
2 killed in shooting at Juneteenth celebration at Texas park