രണ്ട് നേവി ഉദ്യോഗസ്ഥരെ കാണാതായത് ദൗത്യത്തിനിടെയെന്ന് യുഎസ്

വാഷിംഗ്ടണ്‍: ജനുവരി 11ന് രാത്രി ദൗത്യത്തിനിടെയാണ് കടലില്‍ വീണ രണ്ട് നേവി ഉദ്യോഗസ്ഥരെ സൊമാലിയന്‍ തീരത്ത് കാണാതായതെന്ന് യുഎസ്. ഇറാനില്‍ നിന്ന് ഹൂതി വിമര്‍തര്‍ക്ക് ആയുധങ്ങളുമായി എത്തിയ ബോട്ട് പിടിച്ചെടുത്ത ഓപ്പറേഷനിലെ അംഗങ്ങളാണ് ഇരുവരും. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊർജിതമായി തുടരുകയാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി മൈക്കല്‍ കുറില്ല പറഞ്ഞു.

ഏദന്‍ ഉള്‍ക്കടലില്‍ ഒരു ദൗത്യത്തിനിടെയാണ് ഉയര്‍ന്ന തിരമാലകള്‍ ഒരാളെ കടലിലേക്ക് തെറിപ്പിച്ചത്. അയാളെ രക്ഷിക്കാന്‍ രണ്ടാമന്‍ കടലിലേക്ക് ചാടുകയായിരുന്നു. അപകടത്തില്‍പ്പെട്ട സഹപ്രവര്‍ത്തകനെ സഹായിക്കാനുള്ള നേവി സീല്‍ പ്രോട്ടോക്കോളിന്റെ ഭാഗമാണിത്. തുടര്‍ന്ന് ഇരുവരും അപ്രത്യക്ഷരായി.

ജനുവരി 16ന് ചൊവ്വാഴ്ച അറബിക്കടലില്‍ ഒരു ബോട്ടില്‍ നിന്ന് ഹൂതി വിമതര്‍ക്കുള്ള ഇറാന്‍ നിര്‍മ്മിത മിസൈല്‍ ഭാഗങ്ങള്‍ പിടിച്ചെടുത്തതായി യുഎസ് സൈന്യം അറിയിച്ചു. കഴിഞ്ഞ വര്‍ഷം വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം തുടങ്ങിയതിന് ശേഷം ഇത്തരമൊരു ഓപ്പറേഷന്‍ നടത്തുന്ന ആദ്യ സംഭവമാണിത്.

പിടിച്ചെടുത്തവയില്‍ പ്രൊപ്പല്‍ഷന്‍, ഗൈഡന്‍സ് സംവിധാനങ്ങള്‍, ഹൂത്തി മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈലുകള്‍ (എംആര്‍ബിഎം), കപ്പല്‍ വിരുദ്ധ ക്രൂയിസ് മിസൈലുകള്‍ (എഎസ്സിഎം) എന്നിവ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യോമ പ്രതിരോധ ഘടകങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹൂതികള്‍ക്കുള്ള ആയുധ കൈമാറ്റം അന്താരാഷ്ട്ര നിയമവും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയവും ലംഘിക്കുന്നതായി സൈന്യം വ്യക്തമാക്കി.