ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഭീകരാക്രമണത്തിൽ സൈനികർക്ക് പുറമെ രണ്ട് ചുമട്ട് തൊഴിലാളികളും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നാണ് വിവരം. വ്യാഴാഴ്ച വൈകീട്ടായിരുന്നു ആക്രമണം ഉണ്ടായത്. സൈനിക വാഹനത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. അതിനിടെയാണ് സൈനികര്‍ക്ക് പരിക്കേറ്റത്.
നിയന്ത്രണ രേഖയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ബോട്പത്രിയില്‍ നിന്ന് വരികയായിരുന്ന സൈനിക വാഹനത്തിന് നേരെയാണ് ഭീകരരുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് മറുപടിയായി സുരക്ഷാസേന പ്രത്യാക്രമണം തുടങ്ങി. ചുമട്ടുതൊഴിലാളികളായ ഗ്രാമവാസികളാണ് ആക്രമണത്തില്‍ മരിച്ചത്. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
മൂന്ന് ദിവസം മുൻപ് ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ അഞ്ചു പേര്‍ അതിഥി തൊഴിലാളികളും ഒരാൾ ഡോക്ടറുമാണ്.