ശ്രീനഗര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി എത്താനിരിക്കെ ജമ്മു കശ്മീരിലെ ബരാമുള്ളയില്‍ ഭീകരരുടെ ആക്രമണം ശ്രമം പൊളിച്ച് സുരക്ഷാ സേന. രൂക്ഷമായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭികരരെ വധിച്ചു. പ്രദേശത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. ജമ്മുവിലെ ബരാമുള്ളയിലും കിഷ്ത്വാറിലുമാണ് ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടുന്നത്. ഇവിടങ്ങളില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കൊല്ലപ്പെട്ട ഭീകരരുടെ ഡ്രോണ്‍ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ കൈയില്‍നിന്നും തോക്കുകള്‍ ഉള്‍പ്പടെ കണ്ടെടുത്തിട്ടുണ്ട്.
ഇതിനടുത്തായി നടന്ന മറ്റൊരു ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിച്ചു. ജെസിഒ നായിബ് സുബേദാർ വിപൻ കുമാർ, ശിപായി അരവിന്ദ് സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തിൽ രണ്ടു സൈനികര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. പിങ്ഗ്‌നല്‍ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലാണ് സംഭവം. വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മുകശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണു തിരച്ചിലിന് എത്തിയത്. ജൂലൈയില്‍ ദോഡയില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ച ആക്രമണത്തിന് പിന്നിലെ അതേ ഭീകരരാണ് കിഷ്ത്വാറിലും ആക്രമണം നടത്തുന്നതെന്ന് സൈന്യം അറിയിച്ചു.
കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണു പ്രദേശത്ത് ഭീകരാക്രമണം പതിവാകുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണ് കശ്മീരില്‍ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദോഡയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ദോഡ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.