ഡൗൺടൗൺ ലോസ് ഏഞ്ചൽസ്: ലോസ് ഏഞ്ചൽസ് ഡൗണ്ടൗണിലെ ഒരു മെട്രോ സ്‌റ്റേഷനിലുണ്ടായ പ്രശ്നത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ പോലീസ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. പൊലീസ് പറയുന്നതനുസരിച്ച്, ലോസ് ഏഞ്ചൽസിലെ ഹിസ്‌റ്റോറിക് മെട്രോസ്‌റ്റേഷൻ 2nd സ്ട്രീറ്റ് ബ്രോഡ്‌വേയിൽ പുലർച്ചെ നാലുമണിക്കായിരുന്നു സംഭവം.
കത്തിയുമായെത്തിയ രണ്ട് പേരിലൊരാൾ ട്രെയിനിന്റെ മുകളിലേക്ക് വലിഞ്ഞു കയറുകയും പരിഭ്രാന്തി സൃഷ്ടിക്കുകയുമായിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കി. ഇയാൾക്ക് നിസാര പരുക്കുകൾ ഉണ്ട്. രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തതായി അറിയിച്ചു.
കത്തിയുമായി ട്രെയിനിന് മുകളിൽ കയറാനുണ്ടായ സാഹചര്യം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. യുവാക്കൾ പരിഭ്രാന്തി സൃഷ്ടിച്ചതിനെ തുടർന്ന് സർവീസുകൾ ഏതാനും മണിക്കൂർ മുടങ്ങിയിരുന്നു. തുടർന്ന് 6 മണിയോടെയാണ് സർവീസുകൾ പുനരാരംഭിച്ചത്. സംഭവം ഗൗരവമുള്ളതാണെന്നും ബസുകളിലും ട്രെയിനുകളിലും കൂടുതൽ പട്രോളിംഗ് നടത്തുമെന്നും പരിശോധനകൾ കർശനമാക്കുമെന്നും ലോസ് ഏഞ്ചൽസ് മേയറും മെട്രോ ബോർഡ് ഡയറക്ടറുമായ കരേൻ ബാസ് അറിയിച്ചു.