കോട്ട: മതപരിവര്‍ത്തനം, ലൗ ജിഹാദ്, നിരോധിത ജിഹാദി സംഘടനകളുമായുള്ള ബന്ധം എന്നിവയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് രാജസ്ഥാനില്‍ രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയും മൂന്നാമതൊരാള്‍ക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്തു. രാജസ്ഥാന്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവര്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫിറോജ് ഖാന്‍, മിര്‍സ മുജാഹിദ് എന്നീ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മൂന്നാമത്തെ അധ്യാപിക ഷബാനയ്ക്കെതിരെ നടപടി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
സംഗോഡിലെ സര്‍വ് ഹിന്ദു സമാജ് എന്ന പ്രാദേശിക സംഘടന ഈ വിഷയത്തില്‍ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയെന്നാണ് വിദ്യാഭ്യാസ ഓഫീസറുടെ ഉത്തരവ്. സംഗോഡിലെ ഖജൂരി ഓദ്പൂര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കെതിരെയാണ് കര്‍ശന നടപടി ആരംഭിച്ചതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്‌കൂളില്‍ പഠിക്കുന്ന ഒരു ഹിന്ദു പെണ്‍കുട്ടിയുടെ ടിസിയില്‍ ഇസ്ലാം എന്ന് രേഖപ്പെടുത്തിയത് തന്റെ ശ്രദ്ധയില്‍പ്പെട്ടതായി പറഞ്ഞ മന്ത്രി മതപരിവര്‍ത്തനത്തിന്റെയും ലവ് ജിഹാദിന്റെയും ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഹിന്ദു പെണ്‍കുട്ടികളെ നമസ്‌കാരം ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ അധ്യാപകരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുമെന്നും ദിലാവര്‍ പറഞ്ഞു.