കോഴിക്കോട്: ഒഞ്ചിയത്ത് നാടിനെ നടുക്കി ആളൊഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. ഓർക്കാട്ടേരി കാളിയത്ത് രൺദീപ് (30) കുന്നുമ്മക്കര തോട്ടോളി അക്ഷയ് (23) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് നിന്നും സിറിഞ്ചടക്കമുള്ള വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. അമിത ലഹരി ഉപയോഗമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ എട്ട് മണിയോടെ നെല്ലാച്ചേരി കുനിക്കുളങ്ങര ടവറിനു സമീപം ആളൊഴിഞ്ഞ പറമ്പിലാണ് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. എടച്ചേരി സി ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്. രൺദീപിനെയും അക്ഷയ്‌യേയും കാണാതായതിനെത്തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിലാണ് ആളൊഴിഞ്ഞ പറമ്പിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
യുവാക്കൾക്കൊപ്പം അവശനിലയിൽ കണ്ടെത്തിയ മറ്റൊരു യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചെറിയ തുരുത്തി സ്വദേശി ശ്രീരാഗിനെയാണ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളത്.
2 youth found dead in empty field at onchiyam kozhikode