2024 ലോക്സഭ തിരഞ്ഞെടുപ്പ് : ഏപ്രിൽ 19 മുതൽ,കേരളത്തിൽ ഏപ്രിൽ 26ന്, ജൂൺ 4 ന് ഫലം , ആകെ 7 ഘട്ടം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ 2024 പൊതു തിരഞ്ഞെടുപ്പ് ഏപ്രിൽ 17 മുതൽ നടക്കും. 7 ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. ജൂൺ 4നാണ് ഫലം വരിക. രണ്ടാംഘട്ടമായ ഏപ്രിൽ 26നാണ് കേരളത്തിൽ തിരഞ്ഞെടുപ്പ് . മേയ് 7, 13, 20,25, ജൂൺ ഒന്ന് തീയതികളിലാണ് മറ്റ് ഘട്ടങ്ങൾ. കേരളത്തിൽ മാര്‍ച്ച് 28 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ നാല് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാം. ഇന്നു മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

ഇന്ന് വൈകിട്ട് 3 മണിക്ക് ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ രാജീവ് കുമാർ ,കമ്മിഷ്ണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവർ ചേർന്നാണ് തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.

26 സീറ്റുകളിലേക്കുള്ള ഉപ തിരഞ്ഞെടുപ്പും 4 സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പും ഒപ്പം നടക്കും . ആന്ധ്രാപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 13 നും സിക്കിം അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 19 നും ഒഡീഷയിലേത് മെയ് 13 നും നടക്കും

ഏതാണ്ട് 96.8 കോടി ജനങ്ങൾ അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇത്. ഇത്തവണ 1.82 കോടി പുതിയ വോട്ടർമാർ ഉണ്ട്. ഇന്ത്യയിലാകെ 10. 5 ലക്ഷം പോളിങ് സ്റ്റേഷനുകളുണ്ടാകും. 55 ലക്ഷം വോട്ടിങ് മെഷീനുകളും 1.5 കോടി പോളിങ് ഓഫിസർമാരും ഉണ്ടായിരിക്കും.85 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലേറെ ശാരീരിക അവശത ഉള്ളവർക്കും വീട്ടിൽ തന്നെ വോട്ടു ചെയ്യാൻ അവസരമുണ്ടാക്കും.

തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന എല്ലാ സ്ഥാനാർഥികളേയും ജനങ്ങൾക്ക് അറിയാനായി അവരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ know your Candidate ആപ് ഉണ്ടായിരിക്കും.

തിരഞ്ഞെടുപ്പ് കുറ്റമറ്റ രീതിയിൽ നടത്താൻ രാജ്യത്തെ എല്ലാ സേന വിഭാഗങ്ങളേയും ഉപയോഗിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ അറിയിച്ചു. റയിൽ , റോഡ് ആകാശ ഗതാഗത മാർഗങ്ങളിലെല്ലാം പരിശോധന ശക്തമാക്കും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം നടത്തും.

വ്യാജ വാർത്തകൾ പ്രചരിക്കുന്നത് തടയാൻ എല്ലാ സംസ്ഥാനങ്ങളിലും സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും കർശന നടപടി ഉണ്ടാകുമെന്നും കമ്മിഷ്ണർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളും ഓൺലൈൻ പണമിടപാടുകളും പരിശോധിക്കും. 2100 തിരഞ്ഞെടുപ്പ് നിരീക്ഷകരുണ്ടായിരിക്കും. ഒരു കാരണവശാലും കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഉപകരണമാക്കരുത് എന്ന് കമ്മിഷൻ വീണ്ടും വീണ്ടും ഓർമപ്പെടുത്തി.

നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിനു മുമ്പ് പുതിയ സർക്കാർ ചുമതല ഏൽക്കണം.

2024 Lok Sabha Election dates declared

More Stories from this section

family-dental
witywide