അഗര്‍ത്തല: ദക്ഷിണ ത്രിപുര ജില്ലയിലെ സമര്‍ഗഞ്ചയില്‍ നിന്ന് ചൊവ്വാഴ്ച 23 ബംഗ്ലാദേശി കള്ളക്കടത്തുകാരെ ബിഎസ്എഫ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 6,250 കിലോ പഞ്ചസാരയും 17 മൊബൈല്‍ ഫോണുകളും ബിഎസ്എഫ് സേന പിടിച്ചെടുത്തിട്ടുണ്ട്.
അതിര്‍ത്തി കടന്നുള്ള പഞ്ചസാര കടത്തുമായി ബന്ധപ്പെട്ട പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സൈന്യം ചൊവ്വാഴ്ച സമര്‍ഗഞ്ചില്‍ കാത്തുനില്‍ക്കുകയും 23 ബംഗ്ലാദേശി കള്ളക്കടത്തുകാരെ പിടികൂടുകയും ചെയ്തുവെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏകദേശം 30 ബംഗ്ലാദേശി കള്ളക്കടത്തുകാര്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്കെത്തുകയും ഇന്ത്യയില്‍ ഇവരെ സഹായിക്കുന്ന സംഘങ്ങളില്‍ നിന്നും പഞ്ചസാര കടത്തുകയുമാണെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അറസ്റ്റിലായ 23 പേരില്‍ 22 പേര്‍ ഫെനി ജില്ലക്കാരും ഒരാള്‍ ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ നിന്നുള്ള ആളുമാണ്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പിടികൂടിയവരെ തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറി. സമീപ വര്‍ഷങ്ങളില്‍ ത്രിപുരയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ അതിര്‍ത്തി കടന്നുള്ള പഞ്ചസാര കടത്ത് വര്‍ധിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ത്രിപുരയിലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 2023ല്‍ 5.49 ലക്ഷം കിലോ പഞ്ചസാര പിടികൂടുകയും 16 കള്ളക്കടത്തുകാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.