4 മാസം പ്രായമുള്ള കുഞ്ഞിനെ പെട്രോൾ നൽകി കൊല്ലാൻ ശ്രമിച്ചതിന് അമേരിക്കയിൽ 24 കാരനായ യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു. ന്യൂസ് വീക്ക് റിപ്പോർട്ട് പ്രകാരം, ടെക്സാസ് സ്വദേശിയായ എഡ്ഗർ ജെയിംസ് ബ്രിഡ്ജ്മോൻ കുട്ടിയെ കൊല്ലാൻ ഉദ്ദേശിച്ചാണ് വിഷം നൽകിയതെന്ന് സമ്മതിച്ചു.
ബ്രിഡ്ജ്മോൻ കുഞ്ഞിന് പെട്രോൾ നൽകിയ വിവരെ എമർജെൻസി കോളിലൂടെയാണ് പൊലീസുകാർ മനസ്സിലാക്കിയത്. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനിടെ 24കാരൻ കാൽനടയായി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് ഇയാളെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് ഇയാൾ കുറ്റം സമ്മതിച്ചു.
കുട്ടിയെ ഉടൻ തന്നെ പാരീസ് റീജിയണൽ മെഡിക്കൽ സെൻ്ററിലേക്ക് കൊണ്ടുപോകുകയും, പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. പിന്നീട് കുട്ടിയെ കൂടുതൽ പരിചരണത്തിനായി ഡാലസ്-ഫോർട്ട് വർത്ത് ഏരിയയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
ബ്രിഡ്ജ്മോനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ 24കാരന് ജീവപര്യന്തം ശിക്ഷ ലഭിച്ചേക്കും.