കോഴിക്കോട്: കൊയിലാണ്ടിയിൽ ആര്‍.ശങ്കര്‍ എസ്എന്‍ഡിപി കോളജ് വിദ്യാർഥിയായ സി.ആർ അമലിന് എസ്എഫ്ഐ മർദനം. റാഗിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് ഇരുപത്തിയഞ്ചിലധികം എസ്എഫ്ഐക്കാർ ചേർന്ന് തലയിലും മുഖത്തും മർദിച്ചെന്നാണ് പരാതി.
കഴിഞ്ഞ വെള്ളിയാഴ്‌ച എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദനമെന്ന് വിദ്യാർത്ഥി പറഞ്ഞു. കോളജിന് പുറത്തുള്ള ഒരു വീടിന്റെ മുന്നിൽവച്ചായിരുന്നു അമലിനെ മർദിച്ചത്. അമലിനൊപ്പം രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവരെ പറഞ്ഞുവിട്ടതിനുശേഷം അമലിനെ തടഞ്ഞുവച്ച് മർദിക്കുകയായിരുന്നു.
മുഖത്തും മൂക്കിനും ഗുരുതരമായി പരിക്കേറ്റ അമലിനെ എസ്എഫ്ഐ പ്രവർത്തകർ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. ബൈക്ക് അപകടത്തിൽ പരുക്കേറ്റതെന്നാണ് ഇവർ ആശുപത്രിയിൽ അറിയിച്ചത്. വീട്ടിലെത്തിയതിനുശേഷം മർദനമേറ്റതാണെന്ന് വിദ്യാർത്ഥി വീട്ടുകാരോട് പറയുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഇന്നലെയാണ് പരാതി ലഭിച്ചതെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും കോളജ് അധികൃതർ അറിയിച്ചു.