ജയ്പൂർ: ഡോക്ടർമാരുടെ പരിശോധനയിൽ മരിച്ചെന്ന് സ്ഥിരീകരിച്ച 25-കാരൻ സംസ്കാരത്തിന് തൊട്ടുമുൻപ് ഉയിർത്തെഴുന്നേറ്റു. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശവസംസ്കാര ചടങ്ങുകൾക്ക് അൽപം മുൻപ് ദേഹം അനങ്ങുകയായിരുന്നു. ഇതോടെ ഇയാളെ വീണ്ടും ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ ചികിത്സാപ്പിഴവ് ചൂണ്ടിക്കാട്ടി മൂന്ന് ഡോക്ടർമാർക്ക് ജില്ലാ കളക്ടർ സസ്പെൻഷൻ നൽകി.
മൂകനും ബധിരനുമായ 25-കാരൻ രോഹിതാഷ് കുമാറിന് ബന്ധുമിത്രാദികൾ ഇല്ലായിരുന്നു. ഷെൽട്ടർ ഹോമിലായിരുന്നു താമസം. ഇവിടെ വച്ച് കുഴഞ്ഞുവീണ യുവാവിനെ ജുൻജുനുവിലുള്ള ബിഡികെ ആശുപത്രിയിലേക്ക് ഷെൽട്ടർ ഹോം അധികൃതർ കൊണ്ടുപോയി. എമർജൻസി വാർഡിലാണ് പ്രവേശിപ്പിച്ചത്. യുവാവ് മരുന്നുകളോട് പ്രതികരിക്കാതായതോടെ ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. തുടർന്ന് രണ്ട് മണിക്കൂറോളം ‘മൃതദേഹം’ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്തു. ശേഷം പൊലീസെത്തി നടപടികൾ സ്വീകരിച്ച് ക്രിമറ്റോറിയത്തിലേക്ക് ‘മൃതദേഹം’ കൊണ്ടുപോവുകയായിരുന്നു.
‘മൃതദേഹം’ സംസ്കരിക്കുന്നതിനായി സജ്ജീകരണങ്ങൾ തയ്യാറാക്കുന്നതിനിടെ യുവാവ് ശ്വാസമെടുക്കുന്നത് പൊലീസുകാർ കണ്ടു. ഉടൻ തന്നെ ആംബുലൻസ് വിളിച്ച് യുവാവിനെ ആശുപത്രിയിലെത്തിച്ചു. ഇവിടെ ഐസിയുവിൽ കയറ്റി ചികിത്സിച്ചതിന് ശേഷം വിദഗ്ധ ചികിത്സയ്‌ക്കായി ജയ്പൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി. എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ബിഡികെ ആശുപത്രിയിലെ ഡോ. യോഗേഷ് ജാഖർ, ഡോ. നവനീത് മീൽ, പിഎംഒ ഡോ. സന്ദീപ് പാച്ചാർ എന്നിവർക്കാണ് ജുൻജുനു ജില്ലാ കളക്ടർ രാമാവ്താർ മീണ സസ്പെൻഷൻ നൽകിയിരിക്കുന്നത്.