ഗ്രഹാം സ്റ്റൈയിൻസിനെയും മക്കളേയും ഹിന്ദുത്വവാദികൾ ചുട്ടുകൊന്നിട്ട് ഇന്ന് 25 വർഷം

25 വർഷം മുമ്പുള്ള ഒരു ജനുവരി 22 അന്നാണ് ഓസ്‌ട്രേലിയൻ പൗരനായിരുന്ന ഗ്രഹാം സ്റ്റൈയിൻസും അദ്ദേഹത്തിന്റെ രണ്ട് കുഞ്ഞുങ്ങളും ഒറീസയിൽ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ക്രൂരതയ്ക്ക് ഇരയായി ചുട്ടുകരിക്കപ്പെട്ടത്. 35 വർഷത്തോളം ഓഡിഷയിലെ ആദിവാസികൾക്കിടയിലും കുഷ്ഠരോഗികൾക്കിടയിലും പ്രവർത്തിച്ചിരുന്ന ഗഹാം സ്റ്റെയിൻസിനെയും ഒമ്പതും ഏഴും വയസ് മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെയും 1999 ജനുവരി 22-ന് അർദ്ധരാത്രിയാണ് ചുട്ടുകൊന്നത്.

ഒഡിഷയിലെ കിയോഞ്ജർ ജില്ലയിലെഗ്രാമമായ മനോഹർപൂരിലായിരുന്നു ഗ്രഹാമും കുടുംബവും പ്രവർത്തിച്ചിരുന്നത്. ഓസ്‌ട്രേലിയയിൽ നിന്നുള്ള മിഷനറി പ്രവർത്തകനായിരുന്ന ഗ്രഹാം. മയൂർഭഞ്ജിലെ ഇവാഞ്ചലിക്കൽ മിഷനറി സൊസൈറ്റി 1892-ൽ ബാരിപാഡയിൽ സ്ഥാപിച്ച മയൂർഭഞ്ച് ലെപ്രസി ഹോമിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 1965 ൽ തന്റെ 24-ാം വയസിലായിരുന്നു ഗ്രഹാം സ്റ്റെയിൻസ് പ്രവർത്തിച്ച് തുടങ്ങിയത്.

ഒഡിഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകൾ അവിടെ ചികിത്സ തേടിയിരുന്നു. സുഖം പ്രാപിച്ച രോഗികളെ രാജബാസയിൽ പുനരധിവസിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മതം മാറ്റമാണ് ഗ്രഹാം നടത്തുന്നതെന്നായിരുന്നു ഹിന്ദുത്വവാദികളുടെ ആക്ഷേപം.

1983-ലാണ് ബാരിപാഡയിലെ മിഷന്റെ നടത്തിപ്പ് ഗ്രഹാം സ്റ്റൈയിൻസ് ഏറ്റെടുക്കുന്നത്. മൂന്ന് മക്കളായിരുന്നു ഗ്രഹാം സ്റ്റെയിൻസ് – ഗ്ലാഡിസ് ദമ്പതികൾക്ക് ഉണ്ടായിരുന്നത്. എസ്തർ എന്ന മകളും ഫിലിപ്പ്, തിമോത്തി എന്നീ പേരുകളുള്ള ആൺകുട്ടികളുമായിരുന്നു അത്. 1999 ജനുവരി 22-ന്, മനോഹർപൂരിലെ ഒരു ജംഗിൾ ക്യാമ്പിൽ പങ്കെടുക്കുന്നതിന് വേണ്ടി ഗ്രഹാം സ്റ്റെയിൻസും കുടുംബവും സഞ്ചരിക്കുന്നതിനിടെയാണ് ആക്രമണത്തിന് ഇരയാകുന്നത്.

കെന്ദ്രൂജാർ ഗ്രാമത്തിലേക്ക് സഞ്ചരിക്കുന്നതിനിടെ കഠിനമായ തണുപ്പുകാരണം ഗ്രഹാം സ്റ്റെയിൻസും ആൺകുട്ടികളും വഴിയരികിൽ വണ്ടിയൊതുക്കി ഉറങ്ങി. അദ്ദേഹത്തിന്റെ ഭാര്യയും മകളും യാത്രയിൽ അവരെ അനുഗമിച്ചില്ല. ഇതിനിടെയാണ് അമ്പതോളം ബജ്‌രംഗ്ദൾ പ്രവർത്തകർ സംഘടിച്ച് പ്രദേശത്ത് എത്തിയത്. ജയ് ശ്രീറാം വിളികൾ ഉയർത്തി ആൾകൂട്ടം സ്റ്റെയിൻസും മക്കളും ഗാഢനിദ്രയിലായിരുന്നപ്പോൾ വാഹനം ആക്രമിക്കുകയും വാഹനം കത്തിക്കുകയും ചെയ്തു. സ്റ്റെയിൻസും അദ്ദേഹത്തിന്റെ മക്കളും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആൾകൂട്ടം ഇതിന് സമ്മതിച്ചില്ല.

ബിജെപി നേതാവും അന്നത്തെ പ്രധാനമന്ത്രിയുമായ അടൽ ബിഹാരി വാജ്‌പേയി ആക്രമണത്തെ അപലപിച്ചു. സംഭവത്തിൽ 2003ൽ, ബജ്രംഗ്ദൾ പ്രവർത്തകൻ ദാരാ സിംഗ് കൊലപാതകികളെ നയിച്ചതിന് കുറ്റക്കാരനാണെന്ന് ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലെ വിചാരണ കോടതി കണ്ടെത്തുകയും തൂക്കിക്കൊല്ലാൻ വിധിക്കുകയും ചെയ്തു. 2005ൽ ഒറീസ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. 2011 ജനുവരി 21-ന് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു.

25th anniversary of Graham Staines murder to be observed today