ഛത്തീസ്ഗഢിലെ ദന്തേവാഡ ബസ്തർ മേഖലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 28 മാവോവാദികൾ കൊല്ലപ്പെട്ടു. നാരായൺപുർ-ദന്തേവാഡ ജില്ലാ അതിർത്തിക്കുസമീപം അബുജ്മാദ് വനത്തിനുള്ളിൽ തുൽത്തുളി, നെണ്ടൂർ ഗ്രാമങ്ങളിലെ വനത്തിനുള്ളിലായിരുന്നു ഏറ്റുമുട്ടൽ. മാവോവാദികളിൽനിന്ന് എ.കെ. 47 തോക്കുകളും ആയുധശേഖരവും കണ്ടെടുത്തു. ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണെന്ന് പൊലീസ് പറഞ്ഞു. ജില്ലാ റിസർവ് ഗാർഡും സ്പെഷ്ൽ ടാസ്ക് ഫോഴ്‌സും ചേർന്നാണ് ഏറ്റുമുട്ടൽ നടത്തിയത്. ആയിരത്തിലധികം സേനാംഗങ്ങൾ നടപടിയിൽ പങ്കെടുത്തു. മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിർത്തിയിലുള്ള ഘോരവനപ്രദേശമാണ് അബുജ്മാദ്
സമീപകാലത്തെ വലിയ മാവോവാദിവേട്ടകളിലൊന്നാണിത്. ഏപ്രിലിൽ ഛത്തീസ്ഗഢിലെ കാൻകർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ 29 മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു.. മാവോവാദി പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമാണ് ഈ കാട്. ഏറ്റുമുട്ടൽ വെള്ളിയാഴ്ച രാത്രിയും തുടർന്നുവെന്ന് ദന്തേവാഡ പോലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു.
മാവോവാദിസംഘങ്ങൾ ഇനിയും കാട്ടിലുണ്ട്. കൊല്ലപ്പെട്ടവരുടെ എണ്ണം വർധിക്കാനിടയുണ്ട്. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും കൃത്യമായ എണ്ണം ഇനിയും കണ്ടെത്താനായിട്ടില്ല. മരിച്ച മാവോവാദികളെ തിരിച്ചറിയാനുള്ള നടപടികൾ ശനിയാഴ്ച പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ വർഷം ഇതുവരെ 185 മാവോയിസ്റ്റുകൾ ബസ്തറിൽ കൊല്ലപ്പെട്ടു
28 Maoists killed in Bastar