“3 ദിവസം മുമ്പ്, പുടിൻ എൻ്റെ ഭർത്താവിനെ കൊന്നു”: പൊട്ടിക്കരഞ്ഞ് അലക്സി നവാൽനിയുടെ ഭാര്യ

മോസ്കോ: പ്രതിജ്ഞ ചെയ്തതുപോലെ, റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ തൻ്റെ ഭർത്താവിനെ മൂന്നുദിവസം മുമ്പ് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് അലക്‌സി നവാൽനിയുടെ ഭാര്യ യൂലിയ. തിങ്കളാഴ്ച പുറത്തുവിട്ട വിഡിയോയിലാണ് പൊട്ടിക്കരഞ്ഞുകൊണ്ട് യൂലിയ പുടിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്.

‘‘മൂന്നു വർഷത്തെ പീഡനത്തിനു ശേഷമാണ് നവാൽനി മരിക്കുന്നത്. പുടിനെതിരായ പോരാട്ടത്തിൽ ഒരു ദശാബ്ദത്തിലേറെയായി നവാൽനിയുടെ അരികിൽ ഞാനുണ്ടായിരുന്നു. ജോലി തുടരുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുകയാണ്. അലക്സിക്കും നമുക്കും വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം, മുമ്പത്തേതിനേക്കാൾ കൂടുതൽ തീവ്രമായി പോരാടുക എന്നതാണ്. യുദ്ധത്തിനും, അഴിമതിക്കും, അനീതിക്കുതിരെ, ന്യായമായ തിരഞ്ഞെടുപ്പുകൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടാനും നമ്മുടെ രാജ്യം തിരിച്ചുപിടിക്കാൻ പോരാടാനുമുള്ള എല്ലാ അവസരങ്ങളും നാം ഉപയോഗിക്കേണ്ടതുണ്ട്. നവാൽനിയെ കൊന്നവരെ പുറത്തുകൊണ്ടുവരും. മൂന്നു ദിവസം മുൻപ് നവാൽനിയെ പുടിൻ എന്തിനാണ് കൊലപ്പെടുത്തിയതെന്ന് ഞങ്ങൾക്ക് കൃത്യമായി അറിയാം. ആരാണ് ഈ കുറ്റകൃത്യം നടത്തിയതെന്നും അത് എങ്ങനെ നടത്തിയെന്നും തീർച്ചയായും കണ്ടെത്തും. കുറ്റവാളികളെ പുറത്തു കൊണ്ടുവരിക തന്നെ ചെയ്യും,’’ യൂലിയ പറഞ്ഞു.

ആർക്ടിക് ജയിലില്‍ വെച്ചാണ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട പുടിന്‍ വിമര്‍ശകനും റഷ്യന്‍ പ്രതിപക്ഷ നേതാവുമായിരുന്ന അലക്സി നവാല്‍നി കൊല്ലപ്പെട്ടത്. മൃതദേഹം കാണാനില്ലെന്നും മോര്‍ച്ചറിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹത്തിന്റെ അമ്മയുടെ വെളിപ്പെടുത്തലുകള്‍ക്കിടെയാണ് മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.

More Stories from this section

family-dental
witywide