മിസിസിപ്പി: യുഎസ് സംസ്ഥാനമായ മിസിസിപ്പിയിലെ ഒരു നിശാക്ലബിന് പുറത്ത് തോക്കുമായി എത്തിയയാൾ നടത്തിയ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മിസിസിപ്പിയിലെ ഇന്ത്യനോളയിലെ ചർച്ച് സ്ട്രീറ്റിലാണ് വെടിവെപ്പുണ്ടായത്. നിശാക്ലബ്ബിൻ്റെ പരിസരത്ത് നടന്ന വെടിവെയ്പിൽ ഡസൻ കണക്കിന് വെടിയൊച്ചകൾ സാക്ഷികൾ കേട്ടതായി ബിഎൻഒ ന്യൂസ് റിപ്പോർട്ട് ചെയ്തു.
“തങ്ങൾ നിശാക്ലബിന് പുറത്ത് നിൽക്കുകയായിരുന്നു എന്നും അല്പസമയത്തിനകം അവർ വെടിയൊച്ചകൾ കേൾക്കാൻ തുടങ്ങി എന്നും നിരവധി പേർ പറഞ്ഞു,” ഇന്ത്യാനോള പൊലീസ് മേധാവി റൊണാൾഡ് സാംപ്സൺ മാധ്യമങ്ങളോട് പറഞ്ഞു.
വെടിവെപ്പിൽ 19 വയസ്സുള്ള മൂന്ന് പേർ കൊല്ലപ്പെട്ടതായി ഇന്ത്യാനോള മേയർ കെൻ ഫെതർസ്റ്റോൺ സ്ഥിരീകരിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.