
ബെംഗളൂരു: ഞായറാഴ്ച പുലർച്ചെ കർണാടകയിലെ ചിത്രദുർഗയിൽ ടൂറിസ്റ്റ് ബസ് അപകടത്തിൽപെട്ട് മൂന്നു പേർ മരിക്കുകയും 33 പേർക്ക് പരുക്കേൽകുകയും ചെയ്തു. റോഡിലെ വളവിൽ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. മരിച്ച മൂന്ന് പേരിൽ രണ്ട് പേർ ജഗദീഷ് (45), ഗണപതി (40) എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
36 യാത്രക്കാരുമായി ബെംഗളൂരുവിൽ നിന്നും പ്രശസ്തമായ ബീച്ച് ഡെസ്റ്റിനേഷനായ ഗോകർണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽ പെട്ടത്. ഹോളൽകെരെ ടൗണിന് സമീപം പുലർച്ചെ 4.30ഓടെ അമിതവേഗതയെ തുടർന്ന് ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം.
പരുക്കേറ്റവരെ ചിത്രദുർഗ ജില്ലാ ആശുപത്രിയിലും ഹോളൽകെരെ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു, എല്ലാവരും അപകടനില തരണം ചെയ്തു. അപകടവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപ്പെടുത്തി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.