
പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ പമ്പാ നദിയിൽ ഒഴുക്കിൽപെട്ട് മൂന്ന് മരണം. ഒന്നിച്ചെത്തിയ കുടുംബത്തിലെ മൂന്ന് പേരാണ് പമ്പയിൽ ഒഴുക്കിൽപ്പെട്ടത്. അച്ഛൻ അനിൽകുമാർ, മകൾ നിരഞ്ജന, സഹോദരീപുത്രൻ ഗൗതം എന്നിവരെ കണ്ടെത്താനായി ഏറെനേരം തിരച്ചിൽ നടത്തിയെങ്കിലും മൂവരുടെയും മൃതദേഹമാണ് ലഭിച്ചത്. ആദ്യം ഗൗതമിന്‍റെയും പിന്നീട് അനിൽകുമാറിന്‍റെയും മൃതദേഹമാണ് ലഭിച്ചത്. നിരഞ്ജനയെ എങ്കിലും ജീവനോടെ കണ്ടെത്താനായുള്ള ശ്രമവും വിജയത്തിലെത്തിയില്ല. ആറ് മണിയോടെ നിരഞ്ജനയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
ഉദിമൂട് സ്വദേശിയായ അനിൽകുമാറും കുടുംബവും സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു. അനിൽകുമാറും മകളും ഗൗതമിനെയും കൂട്ടി പമ്പാ നദിയിൽ തുണി നനയ്ക്കാൻ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. പത്തനംതിട്ട റാന്നി ചന്തക്കടവിലായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ ദുരന്തമുണ്ടായത്.
3 drowned in Pampa River