ഇന്ത്യയിൽ നിന്ന് 3 പെൺകുട്ടികൾ കൊറിയയിലെ ബിടിഎസ് ബാൻഡ് സംഘത്തെ കാണാൻ വീടുവിട്ടിറങ്ങി,… പിന്നെ സംഭവിച്ചത്

13 വയസ്സുള്ള മൂന്നു പെൺകുട്ടികൾ തമിഴ്നാട്ടിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്ന് കൊറിയയ്ക്ക് പുറപ്പെട്ടു. കുടുക്ക പൊട്ടിച്ച് കിട്ടിയ 14000 രൂപയായിരുന്നു അവരുടെ ആകെ സമ്പാദ്യം. വിശാഖ പട്ടണം വരെ തീവണ്ടിക്കു പോകുക, അവിടെ നിന്ന് കപ്പലിൽ കയറി കൊറിയ അതായിരുന്നു യാത്രയുടെ പ്ളാൻ. എല്ലാം ഗൂഗിൾ ഗുരുവിൻ്റെ ഉപദേശം. തെക്കൻ കൊറിയയുടെ തലസ്ഥാനമായ സോളിൽ എത്തുക, ബിടിഎസ് എന്ന കെ പോപ്പ് ഗായകസംഘത്തെ നേരിൽ കാണുക. ഇത്രമാത്രമായിരുന്നു, സാഹസികരായ ഈ മിടുക്കികളുടെ ലക്ഷ്യം. ലക്ഷ്യവും അതിലേക്കുള്ള വഴിയും എല്ലാം ശരിയായിരുന്നു എങ്കിലും നടപ്പാക്കിയപ്പോൾ പാളിപ്പോയി. അപകടം എന്തെങ്കിലും പറ്റുന്നതിനു മുമ്പ് പൊലീസ് പൊക്കി .

തമിഴ്നാട്ടിലെ കാരൂരിൽ നിന്നുള്ളവരായിരുന്നു ഇവർ. ജനുവരി നാലിനാണ് യാത്ര പുറപ്പെട്ടത്. ഈ റോഡ് വരെ സുഖമായി എത്തി. അവിടെ നിന്ന് ചെന്നൈയ്ക്ക് വണ്ടി കയറി. ചെന്നൈ പോലുള്ള വലിയ സിറ്റി അവരെ കുറച്ചൊന്നുമല്ല വലച്ചത്. കുറേ കറങ്ങി നടന്ന് 1200 രൂപയ്ക്ക് ഒരു മുറി എടുത്തു താമസിച്ചു. പിറ്റേന്നായപ്പോഴേക്കും യാത്രയുടെ ആവേശമൊക്കെ പോയി, ഉദ്ദേശിച്ചപോലെ അത്ര എളുപ്പമല്ല കാര്യങ്ങൾ എന്ന് അവർക്ക് മനസ്സിലായി. തിരികെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. തീവണ്ടിയിൽ കയറി തിരികെ പോരും വഴി ഭക്ഷണം കഴിക്കാൻ കട്പാടി റയിൽവേ സ്റ്റേഷനിൽ ഇറങ്ങി. നോക്കി നിൽക്കുമ്പോൾ വണ്ടി പോയി. കഥ ആൻ്റി ക്ളൈമാക്സിലേക്ക് പോയി.ആകെ വിഷമിച്ചു നിൽക്കുന്ന കുട്ടികളെ പൊലീസ് കണ്ടു പിടിച്ചു. ശിശു ക്ഷേമ സമിതിക്കു കൈമാറി. മുതിർന്നവരുടെ ഗുരുതരമായ ചോദ്യം ചെയ്യലിൽ കുട്ടികൾ കാര്യം തുറന്നു പറഞ്ഞു. ഗ്രാമത്തിലെ ഇവരുടെ കൂട്ടുകാരനാണ് ബിടിഎസിനെ പരിചയപ്പെടുത്തിയത്. ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് പാട്ടിൻ്റെ വരികൾ മനസ്സിലാക്കി. ഇവർ മാത്രമല്ല, ലോകത്ത് കോടിക്കണക്കിന് കൌമാരക്കാരുടെ ഹരമാണ് ബിടിഎസ്. ശിശുക്ഷേമ സമിതി കുട്ടികൾക്ക് കൌൺസിലിങ് നൽകിക്കൊണ്ടിരിക്കുകയാണ്.

കുട്ടികളെ കാണാതായ വാർത്ത ഗ്രാമത്തിലാകെ കാട്ടു തീപോലെ പടർന്നു. വാട്സാപ് സന്ദേശങ്ങൾ മിന്നലുപോലെ പാഞ്ഞു. സിസിടിവി നോക്കി പൊലീസ് വട്ടം ചുറ്റി നിൽക്കുമ്പോളേക്കും കുട്ടികൾ ചെന്നൈ എത്തിയിരുന്നു. സാധാരണക്കാരുടെ മക്കളാണ് മൂവരും. സർക്കാർ വക കൌൺസിലിങ് പൂർത്തിയാക്കിയിട്ടേ കുട്ടികളെ തിരികെ വീട്ടിലേക്ക് അയക്കൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇനി നാട്ടിലും വീട്ടിലുമുള്ളവർക്ക് ആര് കൌൺസിലിങ് നൽകുമെന്നത് വേറെ ചോദ്യം.

3-girl BTS army from Tamil Nadu village embarks on Seoul dream makes it to Chennai before being rescued

More Stories from this section

family-dental
witywide