ജഡ്ജസ് പ്ലീസ് നോട്ട്! മാർഗം കളിയിൽ ‘കോഴ’, കേരള സർവകലാശാല യുവജനോത്സവത്തിനിടെ 3 ജഡ്ജസ് അറസ്റ്റിൽ

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് 3 ജഡ്ജസുമാർ അറസ്റ്റിൽ. ഇന്നലെ രാത്രി നടന്ന മാർഗംകളി മത്സരത്തിന്‍റെ ജഡ്ജസുമാരായിരുന്നവരാണ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. 3 ജഡ്ജസിനെ അറസ്റ്റ് ചെയ്തതായി കന്റോൺമെന്റ് പൊലീസ് വ്യക്തമാക്കി. കേരള സർവകലാശാല യൂണിയൻ ചെയർമാന്‍റെ പരാതിയിലാണ് നടപടിയെന്നും പൊലീസ് വിവരിച്ചു. ജോമെറ്റ് എന്ന പരിശീലകനെയും മറ്റ് 2 പേരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തങ്ങളാരും കോഴ വാങ്ങിയിട്ടില്ലെന്നാണ് ജഡ്ജസുമാരുടെ പ്രതികരണം.

മാർഗം കളി മത്സരത്തിനിടെ കോഴ ആരോപണമുയർന്നതോടെ യുവജനോത്സവം താത്കാലികമായി നിർത്തിവച്ചിരുന്നു. ഇതിന് ശേഷം അപ്പീൽ കമ്മിറ്റി യോഗം ചേർന്നാണ് പരാതി നൽകാൻ തീരുമാനിച്ചത്. ശേഷമായിരുന്നു ജഡ്ജസുമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി നടന്ന മാർഗം കളി മത്സരത്തിലാണ് കോഴ ആരോപണം ഉയർന്നത്. ഇതിന് പിന്നാലെയാണ് സംഘാടക സമിതി താൽക്കാലികമായി യുവജനോത്സവം നിർത്തിവെച്ചത്.

അതേസമയം തിരുവനന്തപുരം ജില്ല ആതിഥേയത്വം വഹിക്കുന്ന യുവജനോത്സവത്തിൽ നിലവിൽ മാർ ഇവാനിയോസ് കോളേജാണ് മുന്നേറുന്നത്. സർവകലാശാല യുവജനോത്സവത്തിലെ 23 മത്സരങ്ങളുടെ ഫലം വന്നപ്പോൾ 52 പോയിന്റുമായാണ് മാർ ഇവാനിയോസ് കോളജ് മുന്നേറുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് (46), ശ്രീ സ്വാതി തിരുനാൾ കോളജ് ഓഫ് മ്യൂസിക് (32) എന്നിവരാണ് തൊട്ടുപിന്നിൽ. കലാപ്രതിഭ പട്ടത്തിലേക്ക് 10 പോയിന്റുമായി മാർ ഇവാനിയോസ് കോളജിലെ ബി മുരളി കൃഷ്ണയാണു മുന്നിൽ.

3 Judges arrested for kerala university youth festival bribery allegations

More Stories from this section

family-dental
witywide