ലക്നൗ: പഞ്ചാബിലെ ഗുരുദാസ്പൂരിലെ പൊലീസ് പോസ്റ്റിന് നേരെ ഗ്രനേഡ് എറിഞ്ഞ സംഭവത്തില്‍ മൂന്ന് ഖലിസ്ഥാന്‍ ഭീകരരെ ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ ഏറ്റുമുട്ടലില്‍ വധിച്ചു. കുറ്റവാളികളായ ഗുര്‍വീന്ദര്‍ സിംഗ്, വീരേന്ദ്ര സിംഗ്, ജസന്‍പ്രീത് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.
മൂന്നുപേരും ഉത്തര്‍പ്രദേശ്, പഞ്ചാബ് പൊലീസിന്റെ സംയുക്ത സംഘവും തമ്മില്‍ ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇവരെ പിടികൂടാന്‍ പോലീസ് ശ്രമിച്ചെങ്കിലും പ്രതികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും വെടി ഉതിര്‍ത്തു. ഇവരില്‍ നിന്ന് എകെ സീരീസിലെ രണ്ട് റൈഫിളുകളും ഗ്ലോക്ക് പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്.
ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സിന്റെ പാകിസ്ഥാന്‍ ബന്ധമുള്ള സംഘത്തിന്റെ ഭാഗമാണ് മൂവരും എന്ന് പഞ്ചാബ് പൊലീസ് പറഞ്ഞു. ‘പഞ്ചാബിന്റെ അതിര്‍ത്തി പ്രദേശങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഗ്രനേഡ് ആക്രമണം നടത്തിയതിനും ഇവര്‍ക്കു പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചാബിലെ മൂന്ന് പൊലീസ് സ്റ്റേഷനുകള്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളില്‍ ഖാലിസ്ഥാന്‍ ഭീകരരുടെ പങ്ക് പൊലീസ് സംശയിക്കുന്നുണ്ട്. വെള്ളിയാഴ്ച ഗുരുദാസ്പൂരിലെ ബംഗാര്‍ പൊലീസ് സ്റ്റേഷനിലും ചൊവ്വാഴ്ച അമൃത്സറിലെ ഇസ്ലാമാബാദ് പൊലീസ് സ്റ്റേഷനിലും സ്‌ഫോടനമുണ്ടായി. ബക്ഷിവാള്‍ പൊലീസ് സ്റ്റേഷന് പുറത്തും സ്ഫോടനമുണ്ടായി. ഈ സ്ഫോടനങ്ങളില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് ഏറ്റെടുത്തതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് സംഘടന നേരിട്ട് സ്ഥിരീകരിച്ചിട്ടില്ല.