കണ്ണൂർ: നടു റോഡില്‍ വീണ്ടും ജീവനെടുത്ത് ടിപ്പർ ലോറി അപകടം. ഇന്ന് മൊത്തം 3 ജീവനുകളാണ് ടിപ്പർ ലോറി അപകടത്തിൽ കേരളത്തിൽ നഷ്ടമായത്. പെരുമ്പാവൂരില്‍ രാവിലെ ടിപ്പറിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചപ്പോൾ ഉച്ചക്ക് ശേഷം കണ്ണൂരിൽ നടന്ന അപകടത്തിൽ യുവാവിനാണ് ജീവൻ നഷ്ടമായത്. കണ്ണൂർ പയ്യന്നൂരിൽ സ്കൂട്ടറില്‍ ടിപ്പറിടിച്ച് കാട്ടാമ്പള്ളി സ്വദേശി താജുദ്ദീൻ എന്ന യുവാവാണ് ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത്.
രാവിലെ ഏഴ് മണിയോടെ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലുണ്ടായ അപകടത്തിൽ കോതമംഗലം കറുകടം സ്വദേശി എല്‍ദോയും മകള്‍ ബ്ലെസിയുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ഹോണ്ട യൂണികോൺ ബൈക്കിനെ എതിരെ വന്ന ടിപ്പര്‍ ലോറി ഇടിച്ചിടുകയായിരുന്നു. ബ്ലെസി സംഭവസ്ഥലത്തും എൽദോ ആശുപത്രിയിലുമാണ് മരണമടഞ്ഞത്. കോയമ്പത്തൂരില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകള്‍ 24 കാരി ബ്ലെസിയെ ട്രെയിന്‍ കയറ്റി വിടാനാണ് 55 കാരനായ അച്ഛന്‍ എല്‍ദോ കറുകടകടത്തെ വീട്ടില്‍ നിന്ന് ബൈക്കില്‍ യാത്രതിരിച്ചത്. പെരുമ്പാവൂര്‍ പിന്നിട്ടപ്പോൾ എംസി റോഡില്‍ പിന്നില്‍ നിന്ന് വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു.
ഇരുചക്ര വാഹനത്തെ ടിപ്പറ്‍ പത്ത് മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. ടിപ്പറിനടിയില്‍പ്പെട്ട ബ്ലെസി തല്‍ക്ഷണം മരിച്ചു. ഗുരുതര പരിക്കുമായി എല്‍ദോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വളവോ തിരിവോ ഇല്ലാത്ത നേര്‍വഴിയിലായിരുന്നു അപകടം. പെരുമ്പാവൂരില്‍ ലോഡിറക്കി മടങ്ങുകയായിരുന്നു ഒറ്റപ്പാലം രജിസ്റട്രേഷനിലുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
3 killed in tipper lorry accident kerala today