രണ്ടാം ദിവസം ആശുപത്രിയിലെ ലിഫ്റ്റ് തുറന്നപ്പോൾ മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ ബോധരഹിതനായി രോഗി; ലിഫ്റ്റ് ഓപ്പറേറ്റർമാർക്കടക്കം സസ്പെൻഷൻ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിൽ ചികിത്സക്കെത്തിയ രോഗി ലിഫ്റ്റില്‍ രണ്ട് ദിവസം കുടുങ്ങിക്കിടന്ന സംഭവത്തില്‍ നടപടി. 2 ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വിഷയത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവർ അന്വേഷണം നടത്തിയാണ് നടപടിയെടുത്തത്.

മെഡിക്കൽ കോളേജിന്റെ ഓർത്തോ ഒപിയിൽ വന്ന തിരുവനന്തപുരം സ്വദേശിയായ രവീന്ദ്രൻ നായരാണ് കഴിഞ്ഞ ശനിയാഴ്ച ലിഫ്റ്റിൽ അകപ്പെട്ടത്. ശനിയാഴ്ച 11 മണിക്കാണ് നടുവേദനയുമായി രവീന്ദ്രൻ നായർ മെഡിക്കൽ കോളേജിലെത്തിയത്. 12 മണിയോടെയാണ് ലിഫ്റ്റിനുളളിൽ പെട്ട് പോയത്. എന്നാൽ പെട്ടന്ന് കേടായ ലിഫ്റ്റിൽ ആരെങ്കിലും കുരുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പോലും മെഡിക്കൽ കോളേജ് അധികൃതർ നോക്കിയില്ല. ഞായറാഴ്ചയും കഴിഞ്ഞ് ഇന്ന് രാവിലെ തുറന്ന് നോക്കിയപ്പോഴാണ് മലമൂത്ര വിസർജ്യങ്ങൾക്ക് നടുവിൽ ബോധരഹിതനായി രവീന്ദ്രൻ നായർ കിടക്കുന്നതാണ് കണ്ടത്. രവീന്ദ്രൻ്റെ മൊബൈൽ ഫോൺ നിലത്ത് വീണ് പൊട്ടി കേടായി കിടക്കുകയായിരുന്നു. ഇദ്ദേഹത്തെ പിന്നീട് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide