ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ മോചിതരായ മുരുകന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ക്കും ഇന്ത്യ വിടാം. ശ്രീഹരന്‍ എന്ന മുരുകന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ക്ക് ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷന്‍ താല്‍കാലിക യാത്രാരേഖകള്‍ നല്‍കിയതായി തമിഴ്നാട് സര്‍ക്കാര്‍ ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.
ഫോറിനേഴ്സ് റീജണല്‍ റജിസ്ട്രേഷന്‍ ഓഫിസ് നാടുകടത്തല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചാല്‍ ഒരാഴ്ചയ്ക്കകം ഇവരെ ശ്രീലങ്കയിലേക്ക് നാടുകടത്തുമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ മുനിയപ്പരാജ് ജസ്റ്റിസുമാരായ ആര്‍ സുരേഷ്‌കുമാര്‍, കെ കുമരേഷ് ബാബു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു.
നാട്ടിലേക്ക് മടങ്ങുന്നതിന് തനിക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമാണെന്നും കാര്‍ഡ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പുനരധിവാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കി. ഹൈക്കമ്മീഷന്‍ തന്നെ യാത്രാരേഖ നല്‍കിയതിനാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യമില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പി പുഗളേന്തിയോട് ബെഞ്ച് പറഞ്ഞു.
മുരുകന്റെ ഹര്‍ജി തീര്‍പ്പാക്കികൊണ്ട്, ഹരജിക്കാരന് ശ്രീലങ്കന്‍ ഹൈക്കമ്മീഷന്‍ നല്‍കിയ യാത്രാ രേഖ സാധുതയുള്ള രേഖയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയിലെ എഫ്ആര്‍ആര്‍ഒയില്‍ നിന്ന് നാടുകടത്തല്‍ ഉത്തരവ് നേടാമെന്നും അതിനുശേഷം ശ്രീലങ്കയിലേക്ക് മടങ്ങാമെന്നും ഹൈക്കോടതി ബെഞ്ച് പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതരായ ശേഷം തിരുച്ചിറപ്പള്ളിയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞു വരികയാണ് മുരുകനും മറ്റു രണ്ടുപേരും.