‘ഒരു കോടി രൂപയും മുന്നൂറ് പവന്‍ സ്വര്‍ണവും’, കണ്ണൂരിനെ നടുക്കി വളപ്പട്ടണത്ത് വമ്പൻ കവർച്ച; മണം പിടിച്ച നായ എത്തിയത് റെയില്‍വേ സ്റ്റേഷനിൽ

കണ്ണൂര്‍: കണ്ണൂരിനെ നടക്കുന്ന വാർത്തയാണ് വളപട്ടണത്ത് പൂട്ടിയിട്ട വീട്ടില്‍ നിന്നും പുറത്തുവന്നത്. ഒരു കോടി രൂപയും മുന്നൂറ് പവന്‍ സ്വര്‍ണവുമാണ് ഇവിടുത്തെ വീട്ടിൽ നിന്നും കവര്‍ന്നത്. വ്യാപരിയായ അഷ്റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മണം പിടിച്ച പൊലീസ് നായ വീടിന് പുറകിലെ റയില്‍വേ ട്രാക്കിലൂടെ വളപട്ടണം റെയില്‍വേ സ്റ്റേഷനിലെത്തി. ട്രെയിന്‍ വഴി മോഷ്ടാക്കള്‍ രക്ഷപ്പെട്ടെന്നാണ് പൊലീസിന്റെ നിഗമനം.

വ്യാപാരിയായ അഷ്റഫും കുടുംബവും തമിഴ്‌നാട്ടിലെ മധുരയില്‍ കുടുംബസുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നത് ഈ മാസം 19 നാണ്. കണ്ണൂര്‍ വളപട്ടണം മന്നയിലെ വീട്ടിലേക്ക് തിരിച്ചെത്തുന്നത് ഇന്നലെ രാത്രി 9.30 ഓടെയും. വീട് തുറന്ന് അകത്ത് കടന്നപ്പോള്‍ കണ്ടത് തുറന്നുകിടക്കുന്ന ലോക്കര്‍. ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണവും നഷ്ടമായെന്നാണ് വളപട്ടണം പോലീസില്‍ നല്‍കിയിരിക്കുന്ന പരാതി.

അഷ്റഫും കുടുംബവും മധുരയിലേക്ക് പോയതിന്റെ തൊട്ടടുത്ത ദിവസം ഈ മാസം 20 നാണ് കവര്‍ച്ച നടന്നതെന്നാണ് പോലീസ് കരുതുന്നത്. കിടപ്പുമുറിയിലെ ലോക്കര്‍ താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് സ്വര്‍ണവും പണവും കവര്‍ന്നത്. ലോക്കര്‍ പൂട്ടിയ ശേഷം മറ്റൊരു അലമാരയിലാണ് ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചത്. ഈ അലമാര പൂട്ടിയ ശേഷം താക്കോല്‍ മറ്റൊരു മുറിയിലെ അലമാരയിലും സൂക്ഷിച്ചു. ഈ അലമാരയും പൂട്ടിയിരുന്നെങ്കിലും താക്കോല്‍ സമീപത്ത് തന്നെ ഉണ്ടായിരുന്നു. ഇതുപയോഗിച്ചാണ് ലോക്കര്‍ തുറന്ന് കവര്‍ച്ച നടത്തിയത്. വീടിന്റെ പിറക്വശത്തെ ജനല്‍ക്കമ്പി ഇളക്കി മാറ്റിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഇളക്കിമാറ്റിയ ജനല്‍ക്കമ്പി വീടിനോട് ചേര്‍ന്നു തന്നെ നീക്കിവെച്ചാണ് അകത്ത് കടന്നത്. മതില്‍ ചാടിക്കടന്ന് രണ്ടുപേര്‍ കോമ്പൗണ്ടിലേക്ക് കടന്നെന്നാണ് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സൂചന.

മോഷണസ്ഥലത്ത് മണംപിടിച്ച നായ വീടിന് പിറകില്‍ അരക്കിലോമീറ്ററോളം മാറിയുള്ള റെയില്‍വേ ട്രാക്കിലൂടെ വളപട്ടണം റെയില്‍വേ സ്റ്റേഷന്‍ വരെ എത്തി. മോഷ്ടാക്കള്‍ ട്രെയിനില്‍ കയറി പോയിരിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ പോലീസ് കാണുന്നത്. പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പോലീസ് മേധാവി അനൂജ് പലിവാള്‍ പറഞ്ഞു. വീടുമായി നല്ല അടുപ്പമുള്ളവരോ വീടിനെകുറിച്ച് കൃത്യമായ ധാരണയുള്ളവരോ ആകാം മോഷണത്തിന് പിന്നില്‍ എന്ന സംശയമാണ് ബാലപ്പെടുന്നത്. വീടിന് പിന്നില്‍ റെയില്‍വേ ട്രാക്ക് ഉള്ളതും ഇതുവഴി നടന്നാല്‍ വളപട്ടണം റെയില്‍വേ സ്റ്റേഷനില്‍ എത്താം എന്നതും ഉള്‍പ്പെടെ കൃത്യമായ ധാരണ മോഷ്ടാകള്‍ക്ക് ഉണ്ടായിരുന്നു. വ്യാപരിയായ അഷ്റഫിന്റെ ജീവനക്കാരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉണ്ടെന്നാണ് സൂചന ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കും. മോഷണശേഷം പ്രതികള്‍ ഏത് ദിശയിലേക്ക് പോയി എന്ന് കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകളിലെ സി സി ടി വി ക്യാമറകള്‍ കൂടി പരിശോധിക്കും.

More Stories from this section

family-dental
witywide