ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ഓരോ പൗരന്മാര്‍ക്കും 32849 രൂപ സൗജന്യമായി നല്‍കുന്നതായി വ്യാപകമായി വ്യാജ പ്രചാരണം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പണം നല്‍കുന്നുവെന്നാണ് സന്ദേശം പരക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ പേരിലുള്ള സന്ദേശമാണ് വ്യാജമായി എത്തുന്നത്.
ഇത്തരത്തില്‍ ആര്‍ക്കും പണം നല്‍കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദമാക്കിയിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ വസ്തുതാ പരിശോധക വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മുമ്പും സമാന രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ എത്തിയിരുന്നു. നിര്‍ധനരായ കുടുംബത്തിന് പണം നല്‍കുന്നു എന്ന തരത്തിലായിരുന്നു പ്രചാരണം.
ധനമന്ത്രാലയത്തിന്റെ ലെറ്റര്‍ഹെഡിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്. ‘ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പ്രതിസന്ധിയുടെ തീവ്രത കുറയ്ക്കുന്നതിന് ഓരോ പൗരനും ഒരു തുക (32849 രൂപ) നല്‍കാന്‍ ധനമന്ത്രാലയം തീരുമാനിച്ചു’ എന്നാണ് സന്ദേശത്തിന്റെ വാചകം.