
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഉൾപ്രദേശമായ മച്ചേദിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കത്വയിൽ നിന്ന് 150 കിലോമീറ്റർ അകലെ മച്ചേദി-കിൻഡ്‌ലി-മൽഹാർ റോഡിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്നു സൈനിക വാഹനങ്ങൾ.
വാഹനവ്യൂഹത്തിനുനേരെ ഗ്രനേഡ് എറിഞ്ഞശേഷം വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ ഭീകരർ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടു. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഇടയ്ക്കിടെ വെടിവയ്പ്പ് നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ 48 മണിക്കൂറിനിടെ ഇന്ത്യൻ സൈന്യത്തിനു നേരെ ജമ്മു മേഖലയിൽ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച രജൗറിയിലുണ്ടായ ആക്രമണത്തിന് ഒരു സൈനികന് പരുക്കേറ്റിരുന്നു. പഞ്ചാബിന്റെ പത്താൻകോട്ട് ജില്ലയുമായി അതിർത്തി പങ്കുവയ്ക്കുന്ന ജില്ലയാണ് കത്വ. ആറ് ഭീകരരെയാണ് 48 മണിക്കൂറിനിടെ സൈന്യം വധിച്ചത്.