ന്യൂഡല്‍ഹി: വടക്കന്‍ ബംഗ്ലാദേശിലെ സുനംഗഞ്ച് ജില്ലയില്‍ ഹിന്ദു ക്ഷേത്രവും വീടുകളും കടകളും ആക്രമിച്ച സംഭവത്തില്‍ നാല് പേരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. സംഭവത്തില്‍ 12 പേര്‍ക്കെതിരെയും അജ്ഞാതരായ 170 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഈ മാസം ആദ്യം സുനംഗഞ്ച് ജില്ലയിലെ ദോറബസാര്‍ പ്രദേശത്താണ് അക്രമികള്‍ നാശനഷ്ടം വരുത്തിയത്. അലിം ഹുസൈന്‍ (19), സുല്‍ത്താന്‍ അഹമ്മദ് രാജു (20), ഇമ്രാന്‍ ഹൊസൈന്‍ (31), ഷാജഹാന്‍ ഹൊസൈന്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.
ഡിസംബര്‍ 3 ന്, സുനംഗഞ്ച് ജില്ലയിലെ ആകാശ് ദാസ് എന്ന യുവാവ് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. ഇത് ജില്ലയില്‍ സംഘര്‍ഷത്തിന് കാരണമായി. ഇതേത്തുടര്‍ന്ന് അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിച്ചു. ഇത് പ്രദേശത്ത് അക്രമത്തിലേക്ക് നയിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുക്കുകയും പൊലീസ് സ്റ്റേഷനിലെത്തിയ ആളുകള്‍ ആകാശിനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുരക്ഷയ്ക്കായി
യുവാവിനെ മറ്റൊരു പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പക്ഷേ രോഷാകുലരായ നാട്ടുകാര്‍ ലോക്നാഥ് ക്ഷേത്രവും ഹിന്ദു സമുദായത്തിന്റെ വീടുകളും കടകളും ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.