
ചെന്നൈ: താംബരം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 4 കോടി രൂപ പിടിച്ചെടുത്തു. സംഭവത്തിൽ ബിജെപി പ്രവർത്തകൻ അടക്കം മൂന്നു പേർ അറസ്റ്റിലായി. സതീഷ് (33), നവീൻ (31), പെരുമാൾ (26) എന്നിവരാണ് അറസ്റ്റിലായത്. ചെന്നൈ എഗ്മോറില്‍ നിന്ന് തിരുനെല്‍വേലിയിലേക്ക് പോകുകയായിരുന്ന നെല്ലാ എക്സ്പ്രസില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് തിരുനെല്‍വേലി ബിജെപി സ്ഥാനാര്‍ത്ഥി നൈനാർ നാഗേന്ദ്രന്റെ ബന്ധുക്കളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. ഇന്നലെ രാത്രി ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്.
പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ചെന്നൈയിലെ ബ്ലൂ ഡയമണ്ട് ഹോട്ടലില്‍ നിന്നും ശേഖരിച്ച പണം തിരുനെല്‍വേലിയിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പ്രതികള്‍ മൊഴി നല്‍കി. തിരുനെല്‍വേലി ബിജെപി സ്ഥാനാര്‍ത്ഥി നൈനാർ നാഗേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് ബ്ലൂ ഡയമണ്ട്. തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കാണ് പണം കൊണ്ടുപോകുന്നത് എന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് പരിശോധന ശക്തമാക്കി.