ഇല്ലിനോയി,റോക്ക്‌ഫോർഡിൽ ബുധനാഴ്ച ഉച്ചതിരിഞ്ഞ് ഒന്നിലധികം ഇടങ്ങളിലായി കുത്തേറ്റ് നാല് പേർ മരിച്ചു. ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 22 വയസ്സുള്ള ഒരു പ്രതി പൊലീസ് കസ്റ്റഡിയിലുണ്ട്. ക്ലീവ്‌ലാൻഡ് അവന്യൂവിലെ ന്യൂ വിൻനെറ്റ്ക ഡ്രൈവിലുള്ള ഹോംസ് സ്ട്രീറ്റിൽ നിന്ന് അടിയന്തര സഹായം തേടി ഒന്നിലധികം ഫോൺകോളുകൾ പൊലീസിന് ലഭിച്ചിരുന്നു. ഒട്ടേറെ പാർപ്പിടങ്ങളുള്ള പ്രദേശമാണ് ഇത്.
സംഭവത്തിൽ 15 വയസ്സുള്ള പെൺകുട്ടി, 63 വയസ്സുള്ള സ്ത്രീ, 49 വയസ്സുള്ള പുരുഷൻ, 22 വയസ്സുള്ള യുവാവ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് റോക്ക്ഫോർഡ് പോലീസ് ഡിപ്പാർട്ട്മെൻ്റ് ഒരു വാർത്താക്കുറിപ്പിൽ അറിയിച്ചു. റോക്ക്‌ഫോർഡ് നഗരത്തിൽ അഞ്ചുപേർക്കും വിൻബാഗോ കൗണ്ടിയിലുള്ള രണ്ടുപേർക്കും പരിക്കേറ്റതായും റോക്ക്‌ഫോർഡ് പോലീസ് വക്താവ് മിഷേൽ മാർകോംബ് പറഞ്ഞു.
സംഭവം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. അക്രമികൾ ഒന്നിലധികം പേരുണ്ടോ? അക്രമത്തിന്റെ കാരണം എന്ത് തുടങ്ങിയ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരുന്നതേയുള്ളു. കുത്തേറ്റു മരിച്ചവരിൽ ഒരാൾ തപാൽക്കാരനായിരുന്നു. കുത്തേറ്റ് രക്ഷപ്പെടാൻ ഓടുന്ന സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച ഒരാൾക്കും കുത്തേറ്റതായി പൊലീസ് പറയുന്നു.
4 dead, 7 injured in stabbing incident in Rockford