വാഷിംഗ്ടൺ: അമേരിക്കയിലെ യു വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പിടിയിലായ നാല് ഇന്ത്യാക്കരടക്കം ആറ് പ്രതികൾക്കെതിരെ ഫെഡറൽ കോടതി ഗൂഢാലോചനയക്കമുള്ള കുറ്റം ചുമത്തി. ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലുമായി യു വിസയുടെ പേരിൽ തട്ടിപ്പ് നടത്തിയതിനാണ് നാല് ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ ആറ് പേർക്കെതിരെ ഫെഡറൽ കോടതി വെള്ളിയാഴ്ച കുറ്റം ചുമത്തിയത്.
ഭിഖാഭായ് പട്ടേൽ, നിലേഷ് പട്ടേൽ, രവിനബെൻ പട്ടേൽ, രജനി കുമാർ പട്ടേൽ എന്നിവർക്കും പാർത്ഥ് നായി, കെവോംഗ് യംഗ് എന്നിവർക്കെതിരായാണ് കോടതി കുറ്റം ചുമത്തിയത്. പാർത്ഥ് നായിയെയും കെവോംഗ് യംഗിനെയും ഇരകളായി ചിത്രീകരിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ചില ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഇരകളായവർക്ക് സർക്കാർ നൽകുന്ന പ്രത്യേക സഹായ പദ്ധതിയാണ് യു വിസ. ഇതാണ് പ്രതികൾ വ്യാജമായി നേടാൻ ശ്രമിച്ച് പിടിയിലായത്.
വ്യാജ കവർച്ചകൾ പ്ലാൻ ചെയ്താണ് ഇവർ യു വിസ സ്വന്തമാക്കാൻ ശ്രമിച്ചത്. യു വിസ തട്ടിപ്പിൽ പങ്കാളിയാകാൻ നാല് പേർ ചേർന്ന് പാർത്ഥ് നയിയ്ക്ക് ആയിരക്കണക്കിന് ഡോളർ നൽകിയതായി കുറ്റപത്രത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. കവർച്ച നാടകം ഒരുക്കി കൊള്ളക്കാരായി ചിലർ അഭിനയിച്ചുകൊണ്ടാണ് തട്ടിപ്പ് ശ്രമം നടന്നത്. ഇരകളെന്ന വ്യാജേന യു വിസ സ്വന്തമാക്കാനാണ് തട്ടിപ്പ് പ്ലാൻ ചെയ്തത്. കുറ്റകൃത്യത്തിന് ഇരകളായെന്നും അന്വേഷണത്തിൽ സഹായിച്ചിട്ടുണ്ടെന്നും കാട്ടിയാണ് ഇവർ യു വിസ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ഫോമുകൾ സമർപ്പിച്ചതെന്നതടക്കം കുറ്റപത്രത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇത് മുൻനിർത്തി യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസിന് വഞ്ചനാപരമായ യു-വിസ അപേക്ഷകൾ സമർപ്പിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്ന് ചൂണ്ടികാട്ടിയാണ് കോടതി പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്.
നയി (26), യങ് (31), ഭിഖാഭായ് പട്ടേൽ (51), നിലേഷ് പട്ടേൽ (32), രവിനാബെൻ പട്ടേൽ (23), രജനികുമാർ പട്ടേൽ (32) എന്നീ 6 പ്രതികൾക്കെതിരെയും വിസ തട്ടിപ്പ് ഗൂഢാലോചന കുറ്റം ചുമത്തിയിട്ടുണ്ട്. വിസ അപേക്ഷയിൽ തെറ്റായ മൊഴി നൽകിയതിന് രവിനാബെൻ പട്ടേലിനെതിരെ മറ്റൊരു കുറ്റവും ചുമത്തിയിട്ടുണ്ട്. ഗൂഢാലോചന കുറ്റത്തിന് പരമാവധി അഞ്ച് വർഷം വരെ തടവ് ലഭിക്കും. രവിനബെൻ പട്ടേലിനെതിരായ തെറ്റായ പ്രസ്താവനയെന്ന കുറ്റത്തിന് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
4 Indians Among 6 Charged For Visa Fraud Conspiracy In US