
ഉത്തർപ്രദേശിലെ അമേഠിയിലെ ഒഹാർവ ഭവാനിയിൽ പ്രൈമറി സ്കൂൾ അധ്യാപകനും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന ദളിത് കുടുംബത്തെ വീട്ടിൽ അതിക്രമിച്ചുകയറി വെടിവെച്ചുകൊന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. അധ്യാപകൻ സുനിൽകുമാർ (35), ഭാര്യ പൂനംഭാരതി (32), അഞ്ചും രണ്ടും വയസ്സുള്ള രണ്ടു കുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടത്.
മൃതദേഹങ്ങളുമായി സുനിൽകുമാറിന്റെ അറുപതുകാരനായ അച്ഛൻ രാംഗോപാൽ അമേഠിക്കടുത്ത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി പ്രതിനിധാനംചെയ്യുന്ന മണ്ഡലമായ റായ്ബറേലിയിലെത്തി. അമേഠിയിലെ എം.പി കിശോരിലാലിന്റെ സഹായത്തോടെ അദ്ദേഹം രാഹുലുമായി ഫോണിൽ സംസാരിച്ചു. ശക്തമായ നടപടികൾക്കായി മുന്നോട്ടുപോകുമെന്ന് രാഹുൽ ഉറപ്പുനൽകി.
ചന്ദൻവർമ എന്ന വ്യക്തിയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാൾ ഇതുസംബന്ധിച്ചുള്ള സൂചനകളുമായി സാമൂഹികമാധ്യമത്തിൽ സ്റ്റാറ്റസിട്ടു. അഞ്ച് ആളുകൾ മരിക്കുമെന്നായിരുന്നു ആഴ്ചകൾക്കുമുൻപ് ഇയാൾ സ്റ്റാറ്റസിൽ മുന്നറിയിപ്പു നൽകിയത്. നാലുപേരെ കൊന്നശേഷം ആത്മഹത്യചെയ്യാനായിരുന്നു ഇയാളുടെ പദ്ധതിയെന്നാണ് പൊലീസ് പറയുന്നത്..
കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം. എന്നാൽ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ചന്ദനെതിരേ സുനിലിന്റെ ഭാര്യ പൂനം ഓഗസ്റ്റിൽ പൊലീസിൽ പരാതി നൽകിയിരുന്നു. കൊല്ലുമെന്ന് ഇയാൾ പലതവണ ഭീഷണിപ്പെടുത്തിയെന്നും തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി ഇയാളാണെന്നും പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് ചന്ദനെതിരേ പട്ടികവർഗനിയമത്തിലെ വകുപ്പുകൾപ്രകാരം പൊലീസ് കേസടുത്തിരുന്നു. സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു.
4 members of a Dalit family were shot dead In Uttar Pradesh’s Amethi