ഫ്‌ളോറിഡ: നീണ്ട എട്ടുമാസത്തെ ബഹിരാകാശവാസത്തിനു ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്ന് 4 സഞ്ചാരികള്‍കൂടി ഭൂമിയിലേക്കു മടങ്ങിയെത്തി. അമേരിക്കക്കാരായ മാത്യു ഡൊമിനിക്, മൈക്കിള്‍ ബാരെറ്റ്, ജനെറ്റ് എപ്‌സ്, റഷ്യന്‍ സ്വദേശി അലക്‌സാണ്ടര്‍ ഗ്രിബെന്‍കിന്‍ എന്നിവരാണ് ഭൂമിയില്‍ മടങ്ങിയെത്തിയത്. സ്‌പേസ് എക്‌സ് പേടകത്തിലെത്തിലെത്തിയ ഇവര്‍ ഫ്‌ലോറിഡ തീരത്തിനുസമീപം പാരഷൂട്ടില്‍ ഇറങ്ങി.
മടങ്ങിയെത്തിയ സഞ്ചാരികളില്‍ ഒരാളെ അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവരില്‍ ആരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നോ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിടയായ സാഹചര്യത്തെക്കുറിച്ചോ നാസ വെളിപ്പെടുത്തിയിട്ടില്ല. ഇവര്‍ 2 മാസം മുന്‍പ് എത്തേണ്ടതായിരുന്നെങ്കിലും ബോയിങ് സ്റ്റാര്‍ലൈനറിലെ തകരാറു മൂലം ദൗത്യം വൈകുകയായിരുന്നു. മില്‍ട്ടന്‍ ചുഴലിക്കാറ്റും യാത്രമുടക്കിയിരുന്നു.
അതേസമയം, ഇന്ത്യന്‍ വംശജയായ സുനിത വില്യംസ് അടക്കം 4 പേര്‍കൂടി നിലയത്തില്‍ അവശേഷിക്കുന്നുണ്ട്. ഇവര്‍ വരുന്ന ഫെബ്രുവരിയോടെ മടങ്ങിയെത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.