87കാരൻ മാർപാപ്പയുടെ ഇതിഹാസ യാത്ര; 43 മണിക്കൂർ വിമാനത്തിൽ താണ്ടുക 32,000 കിലോ മീറ്റർ

വത്തിക്കാൻ സിറ്റി: അടുത്തയാഴ്ച ആരംഭിക്കുന്ന ഇന്തോനേഷ്യ, പാപുവ ന്യൂ ഗിനിയ, ഈസ്റ്റ് ടിമോർ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കുള്ള 12 ദിവസത്തെ യാത്രയിൽ 87കാരനായ ഫ്രാൻസിസ് മാർപാപ്പയ്ക്ക് താണ്ടേണ്ടത് 32,000 കിലോമീറ്റർ. 43 മണിക്കൂറാണ് വിമാനത്തിൽ അദ്ദേഹം യാത്ര ചെയ്യുക.

ഇത് ഏതൊരാൾക്കും ഒരു സാഹസിക യാത്ര തന്നെയായിരിക്കും. പ്രത്യേകിച്ച് ഈ പ്രായത്തിൽ. സമീപകാലത്തായി അദ്ദേഹം ആരോഗ്യപ്രശ്നങ്ങളാൽ വലയുകയാണെന്നും അദ്ദേഹം കത്തോലിക്കാ സഭയുടെ തലവൻ സ്ഥാനം ഒഴിഞ്ഞേക്കുമെന്നുമുള്ള ഊഹാപോഹങ്ങളും തിരികൊളുത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മാർപാപ്പയുടെ യാത്രയുടെ പ്രാധാന്യം ഏറുന്നത്.

യാത്ര ആദ്യം 2020-ൽ ആസൂത്രണം ചെയ്തിരുന്നെങ്കിലും കോവിഡ് പാൻഡെമിക് കാരണം മാറ്റിവയ്ക്കുകയായിരുന്നു. ഇപ്പോഴിതാ തന്റെ 88-ാം ജന്മദിനത്തിന് മൂന്ന് മാസം മുമ്പ് ആ മാറ്റിവച്ച യാത്രയ്ക്ക് മാർപാപ്പ തയ്യാറെടുക്കുന്നു.

ഈസ്റ്റർ സമയത്ത്, നീണ്ടുനിന്ന പനി കാരണം ഫ്രാൻസിസ് മാർപാപ്പ പല പരിപാടികളിൽ നിന്നും പിന്മാറിയിരുന്നു. മാസങ്ങൾക്ക് മുമ്പ്, ബ്രോങ്കൈറ്റിസ് പിടിപെട്ടതുമൂലം ഡിസംബറിൽ ദുബായിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ചർച്ചയിലും അദ്ദേഹം പങ്കെടുത്തില്ല.

2023 ജൂണിൽ, അദ്ദേഹം ഹെർണിയ ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു. 10 ദിവസം മാർപാപ്പ ആശുപത്രിയിലായിരുന്നു. പുതിയ യാത്രയിൽ നാല് രാജ്യങ്ങളിലായി 16 പ്രഭാഷണങ്ങളും എണ്ണമറ്റ യോഗങ്ങളളും ചടങ്ങുകളുമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.

More Stories from this section

family-dental
witywide