വിവാഹം കഴിക്കാതിരിക്കാന്‍ പലര്‍ക്കും പല കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അതൊക്കെ മറ്റുള്ളവരുമായി പങ്കുവെയ്ക്കാന്‍ ഇഷ്ടപ്പെടാത്തവരാകും മിക്കവരും. വിവാഹിതരാകാത്ത, കാരണം പറയാന്‍ മടിക്കുന്ന ആളുകളെ ഏറ്റവും ദേഷ്യത്തിലാക്കുന്ന കാര്യം ഇതിനെപ്പറ്റി വീണ്ടും വീണ്ടും ചോദിക്കുന്നതു തന്നെയാണ്. അത്തരത്തില്‍ ദേഷ്യം മൂത്ത ഇന്തോനേഷ്യക്കാരന്‍ അയല്‍ക്കാരനെ കുത്തിക്കൊന്നുവെന്ന് റിപ്പോര്‍ട്ട്.
45 കാരനായ പര്‍ലിന്ദുംഗന്‍ സിരേഗര്‍ എന്ന ഇന്തോനേഷ്യന്‍ യുവാവ് 60 വയസ്സുള്ള അയല്‍ക്കാരനെയാണ് കൊലപ്പെടുത്തിയത്. ജൂലൈ 29 ന് വടക്കന്‍ സുമാത്രയില്‍ സ്ഥിതി ചെയ്യുന്ന സൗത്ത് തപനുലി റീജന്‍സിയിലാണ് സംഭവം നടന്നതെന്ന് സ്‌ട്രെയിറ്റ്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. റിട്ടയേര്‍ഡ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന അസ്ഗിം ഇരിയാന്റോയാണ് കൊല്ലപ്പെട്ടത്. ഇയാള്‍ പര്‍ലിന്ദുംഗന്‍ സിരേഗറിനോട് എന്താണ് വിവാഹം കഴിക്കാത്തതെന്ന് നിരന്തരം ചോദിച്ചിരുന്നുവെന്നും ഇതുകേട്ട് വേദനിക്കുകയും അലോസരപ്പെടുകയും ചെയ്ത 45 കാരന്‍ അയല്‍ക്കാരനെ ആക്രമിക്കുകയുമായിരുന്നു.
അസ്ഗിം ഇരിയാന്റോയുടെ ഭാര്യയുടെ മൊഴി പ്രകാരം, ജൂലൈ 29 ന് ഇരയുടെ വീട്ടിലെത്തി സിരേഗര്‍ ഒരു മരക്കഷണം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇരിയാന്റോ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും, സിരേഗര്‍ അയാളെ പിന്തുടര്‍ന്ന് തലയില്‍ മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു. ഇരിയാന്റോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിരേഗറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ വിവാഹം നടക്കാത്തതിനെക്കുറിച്ച് നിരന്തരം ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.