ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി! ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ മറുപടി

ഡൽഹി: ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. ഡോ. ജോൺ ബ്രിട്ടാസ് എം പി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ രാജ്യസഭയിൽ നല്കിയത്. സ്വകാര്യബാങ്കുകളിലെ കിട്ടാക്കടത്തിന്റെ ഇരട്ടിയോളം വരും പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം. 30.09.2024ലെ കണക്കുപ്രകാരം പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം 3,16,331 കോടി രൂപയും സ്വകാര്യബാങ്കുകളിലെ കിട്ടാക്കടം 1,34,339 കോടി രൂപയുമാണ്. നൽകിയ വായ്പയുടെ 1.86% ആണ് സ്വകാര്യബാങ്കുകളുടെ കിട്ടാക്കടമെങ്കിൽ പൊതുമേഖല ബാങ്കുകളുടെ കാര്യത്തിൽ ഇത് 3.09% ആണ്. 50 കോടി രൂപയിലേറെ വായ്പ എടുത്ത് ബോധപൂർവം തിരിച്ചടയ്ക്കാത്ത 580 സ്ഥാപനങ്ങളുടെ പട്ടിക റിസർവ് ബാങ്ക് തയ്യാറാക്കിയിട്ടുണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ഇത് സംബന്ധിച്ച് വിശദാംശങ്ങൾ പുറത്തുവിടാൻ തയ്യാറായില്ല.

2018-19 മുതൽ 11.45 ലക്ഷം കോടി രൂപ കിട്ടാക്കടമായി എഴുതിത്തള്ളി. ഇതിൽ 3.5 ലക്ഷം കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാൻ കഴിഞ്ഞത്. ഏറ്റവും കൂടുതൽ വായ്പ എഴുതിത്തള്ളിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 2015-16ൽ 15,955 കോടി രൂപയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഴുതിത്തള്ളിയത്. എന്നാൽ 2018-19 ആയപ്പോഴേയ്ക്കും 58,905 കോടി രൂപയായി ഇത് ഉയർന്നു. പഞ്ചാബ് നാഷണൽ ബാങ്കും സമാനപാതയിലാണ്. 2014-15ൽ എഴുതിത്തള്ളിയ കിട്ടാക്കടം 5,996 കോടി രൂപയായിരുന്നത് 2023-24 ആയപ്പോഴേയ്ക്കും 18,317 കോടി രൂപയായി ഉയർന്നു.

More Stories from this section

family-dental
witywide