32 മാസത്തിനിടെ ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ടത് 48 സൈനികര്‍, മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഇന്നലെ രാത്രി ദോഡ ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഓഫീസര്‍ ഉള്‍പ്പെടെ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതോടെ കഴിഞ്ഞ 32 മാസത്തിനിടെ ജമ്മു മേഖലയില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 48 ആയി.

അതേസമയം, ദോഡ ജില്ലയിലുണ്ടായ ഭീകരാക്രമണത്തെത്തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമര്‍ശിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നത് അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് മോദി സര്‍ക്കാരിനെ വിമര്‍ശിച്ച രാഹുല്‍, കശ്മീരിലെ സൈനികര്‍ ബിജെപിയുടെ തെറ്റായ നയങ്ങളുടെ ആഘാതം വഹിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തില്‍, നമ്മള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഉയര്‍ന്ന് ശക്തമായ കൂട്ടായ പ്രതികരണം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജയറാം രമേശ് പറഞ്ഞു. മാത്രമല്ല തന്റേത് സാധാരണ ജനനമല്ലെന്നും താന്‍ ദൈവത്തിന്റെ പ്രതിനിധിയാണെന്നും പറയുന്ന മോദിയോട് ആ അവകാശ വാദങ്ങള്‍ക്കെല്ലാം എന്തു പറ്റിയെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

കൂടാതെ, ജമ്മു കശ്മീരില്‍ എല്ലാം പതിവുപോലെ എന്ന മട്ടിലാണ് മോദി സര്‍ക്കാര്‍ പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കുറ്റപ്പെടുത്തി.

38 മാസങ്ങള്‍, പൊലിഞ്ഞത് 48 സൈനികരുടെ ജീവനുകള്‍

തിങ്കളാഴ്ച നടന്ന ആക്രമണത്തിന് മുമ്പ് ഈ മാസം മറ്റൊരു ആക്രമണം നടന്നിരുന്നു. ജൂലൈ 8 ന് കത്വ ജില്ലയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജൂണ്‍ മാസത്തില്‍ രണ്ട് ആക്രണങ്ങളുണ്ടായി. ജൂണ്‍ 9നായിരുന്നു ആദ്യത്തേത്. അതില്‍ തീര്‍ത്ഥാടകരുമായി പോയ ഒരു ബസ്, ഭീകരര്‍ ആക്രമിക്കുകയും ഒമ്പത് പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ടാമത്തെ ആക്രമണം ജൂണ്‍ 11നായിരുന്നു. അന്ന് നടന്നത് ഇരട്ട ആക്രമണങ്ങളായിരുന്നു. അതില്‍ ആറ് സൈനികര്‍ക്ക് പരുക്കേറ്റിരുന്നു.

മെയ് മാസത്തില്‍ പൂഞ്ച് ജില്ലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഒരു വാഹനം ഉള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ വ്യോമസേനയിലെ ഒരു സൈനികന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേറ്റതും രാജ്യത്തെ വേദനിപ്പിച്ചിരുന്നു.

ഡിസംബര്‍ 21നാണ് കഴിഞ്ഞവര്‍ഷം അവസാനമായി ഇന്ത്യന്‍ സൈന്യത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. നവംബറില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതേവര്‍ഷം ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന ആക്രമണത്തില്‍ 14 സൈനികരാണ് ജീവന്‍ വെടിഞ്ഞത്. ഡിസംബര്‍ 2021ന് ഉണ്ടായ ആക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു.

ഇങ്ങനെ വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങള്‍ക്കിടയില്‍ ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം ഒരു അവലോകന യോഗം ചേര്‍ന്നിരുന്നു. സുരക്ഷ സംബന്ധിച്ച നിര്‍ണായക നിര്‍ദേശങ്ങളും അദ്ദേഹം നല്‍കി.