ബാള്‍ട്ടിമോര്‍ പാലം തകര്‍ന്നിട്ട് 5 ദിവസങ്ങള്‍, തകര്‍ന്ന കപ്പലില്‍ തുടര്‍ന്ന് ഇന്ത്യന്‍ ജീവനക്കാര്‍, കാരണമിതാണ്

ന്യൂഡല്‍ഹി: യുഎസിലെ ബാള്‍ട്ടിമോര്‍ നഗരത്തിലെ പാലത്തില്‍ ഇടിച്ച ഡാലി എന്ന ചരക്കു കപ്പലിലെ 20 ഇന്ത്യന്‍ ജീവനക്കാര്‍ ഇപ്പോഴും കപ്പലില്‍ തന്നെ തുടരുകയാണ്. അവര്‍ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുകയും കപ്പലിലെ ദൈനംദിന ജോലികളില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കപ്പലില്‍ 21 ക്രൂ അംഗങ്ങളുണ്ട്, അതില്‍ 20 പേര്‍ ഇന്ത്യക്കാരാണ്. എല്ലാവരുടെയും ആരോഗ്യസ്ഥിതി നന്നായി തുടരുന്നു. ക്രൂ അംഗങ്ങള്‍ക്ക് കപ്പലില്‍ തുടരാനാവശ്യമായ ധാരാളം ഭക്ഷണവും വെള്ളവും ജനറേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇന്ധനവും ഉണ്ടെന്നും അവര്‍ സുരക്ഷിതരാണെന്നും കപ്പലിന്റെ മാനേജ്മെന്റ് കമ്പനിയായ സിനര്‍ജി മറൈനെ സഹായിക്കുന്ന ഒരു കണ്‍സള്‍ട്ടിംഗ് സ്ഥാപനത്തില്‍ നിന്നും വിവരമുണ്ട്. നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (എന്‍ടിഎസ്ബി) കോസ്റ്റ് ഗാര്‍ഡും അവരുടെ അന്വേഷണം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഈ ജോലിക്കാരെ നാട്ടിലേക്ക് അയയ്ക്കാമെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

4,700 കണ്ടെയ്നറുകളുമായി ശ്രീലങ്കയിലേക്ക് പോകുകയായിരുന്ന ഡാലി എന്ന കപ്പല്‍ യുഎസിലെ ബാള്‍ട്ടിമോര്‍ നഗരത്തിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രൂ അംഗങ്ങളില്‍ ഒരാളെ ബാള്‍ട്ടിമോര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം കപ്പലിലേക്ക് മടങ്ങി.

യുഎസിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നായ ബാള്‍ട്ടിമോറിലെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനും അവശിഷടങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കപ്പല്‍ സ്വതന്ത്രമാക്കാനും ചാനല്‍ വീണ്ടും തുറക്കാനും ആഴ്ചകള്‍ എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. അവശിഷ്ടങ്ങള്‍ ശനിയാഴ്ചമുതല്‍ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്.

അപകടത്തിന് മുമ്പ് കപ്പലില്‍ നിന്നും അംഗങ്ങള്‍ നല്‍കിയ അടിയന്തര സന്ദേശമാണ് പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്താന്‍ അധികൃതരെ സഹായിച്ചത്. അതിനാല്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനടക്കം കപ്പല്‍ ജീവനക്കാരെ പ്രശംസിച്ച് എത്തിയിരുന്നു. അതേസമയം, പാലത്തിലെ കുഴികള്‍ നന്നാക്കുന്ന നിര്‍മാണ സംഘത്തിലുണ്ടായിരുന്ന ആറുപേരാണ് പാലം തകര്‍ന്ന് മരിച്ചത്.

5 days after the collapse of the Baltimore bridge