ഇറാഖില്‍ അമേരിക്കന്‍ സേനയുടെ വ്യോമാക്രമണം; 5 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

വാഷിംഗ്‌ടൺ: ഇറാഖില്‍ മാസങ്ങൾക്ക് ശേഷം അമേരിക്കന്‍ സേനയുടെ വ്യോമാക്രമണം. ഇന്നലെ രാത്രി നടത്തിയ ആക്രമണത്തിൽ 5 പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധം മുന്‍നിര്‍ത്തിയായിരുന്നു ആക്രമണമെന്നും അമേരിക്കന്‍ സേനയ്ക്കും സഖ്യസേനകള്‍ക്കും നേരെ ഡ്രോണ്‍ ആക്രമണം നടത്താന്‍ തയ്യാറെടുത്തിരുന്നവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നുമാണ് അമേരിക്കന്‍ സേനാ വൃത്തങ്ങള്‍ പറയുന്നത്.

ഇറാഖിലെ ബാബിലോണ്‍ പ്രവിശ്യയിലായിരുന്നു ആക്രമണം. ഫെബ്രുവരി മാസത്തിന് ശേഷം അമേരിക്കന്‍ സേന ഇറാഖില്‍ നടത്തുന്ന ആദ്യത്തെ വ്യോമാക്രമണം ആയിരുന്നു ഇന്നലെ രാത്രിയിലേത്. കുറഞ്ഞത് 5 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായാതാണ് ഇറാഖി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആക്രമണം നടന്ന വിവരം ഇറാഖിലെ സുരക്ഷാ സേനയുമായി ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചു. നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്കുള്ളതിനാല്‍ മരണ സംഖ്യ ഉയരാനും സാധ്യതയുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.