ന്യൂജെഴ്സി ഇന്ത്യ കമ്മീഷനിൽ അംഗങ്ങളായി അഞ്ച് മലയാളികൾ; വെസ്ലി മാത്യുസ് ചെയർ, ഡോ. കൃഷ്ണ കിഷോറും അംഗം

ന്യുജെഴ്‌സി: ഗവർണർ ഫിൽ മർഫി സ്ഥാപിച്ച ന്യു ജേഴ്‌സി ഇന്ത്യ കമ്മീഷനിൽ 5 മലയാളികളും. ഏഷ്യാനെറ്റ് ന്യൂസ്  യുഎസ്എ ഹെഡ് ഡോ.കൃഷ്ണ കിഷോർ, വിദ്യ കിഷോർ, വെസ്‌ലി മാത്യൂസ്, അസംബ്ലിമാൻ സ്റ്റെർലി സ്റ്റാൻലി, രാജി  തോമസ്, സെനറ്റർ വിൻ ഗോപാൽ എന്നീ മലയാളികൾ ഉൾപ്പടെ ഒട്ടേറെ അംഗങ്ങളുണ്ട് കമ്മിഷനിൽ. വെസ്ലി മാത്യുസ് ആണ് ചെയർ. വിവിധ മേഖലകളിൽ നിന്നായി 30 അംഗങ്ങളെയാണ് ഗവര്‍ണര്‍ നിയമിച്ചത്. 

‘2019-ലെ എന്റെ ഇന്ത്യാ സന്ദർശനത്തെത്തുടർന്ന്, ന്യൂജെഴ്‌സിയും ഇന്ത്യയും  തമ്മിലുള്ള നല്ല  ബന്ധം ശക്തിപ്പെടുത്തുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ന്യു ജേഴ്‌സിയിലെ   ഇന്ത്യൻ കുടിയേറ്റ ജനതയുടെ സംഭാവനകളിൽ ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു, ഈ കമ്മീഷനിലൂടെ, ഒരുമിച്ച് വളരാനും പുതിയ സാധ്യതകൾക്ക് തുടക്കമിടാനുമുള്ള അവസരങ്ങളുടെ ഒരു പുതിയ നൂറ്റാണ്ട് ഞങ്ങൾക്ക് ഉറപ്പാക്കാൻ കഴിയും’ – ഗവര്‍ണര്‍ മർഫി പറഞ്ഞു.

ഡിനി അജ്മാനി, നടാഷ അളഗരശൻ, ശ്രീ അറ്റ്‌ലൂരി, സ്‌നേഹാൽ ബത്ര, കോളിൻ ബുറസ്, രവി ദത്താത്രേയ, കീർത്തി ദേശായി, പരിമൾ ഗാർഗ്,  ബൽപ്രീത് ഗ്രെവാൾ-വിർക്ക്, കിരൺ ഹന്ദ ഗൗഡിസോസോ, പവിത ഹൗ, ജെയ്‌മി ജേക്കബ്,  മോണിക്ക ജെയിൻ, ഗുർബീർ ജോഹൽ, സുചിത്ര കാമത്ത്,  ക്രിസ് കൊല്ലൂരി, ഇന്ദു ലൂ, ജോസ് ലൊസാനോ,  അഞ്ജലി മെഹ്‌റോത്ര, ദീലിപ് മാസ്‌കെ , രാജ് മുഖർജി, സുരേഷ് മുത്തുസ്വാമി, ശ്രീനിവാസ് പാലിയ, ആനന്ദ് പാലൂരി, ഫൽഗുനി പാൻദ്യ, ഫൽഗുനി പാണ്ഡ്യ,  കാരി  പാരിഖ്, രാജീവ് പരീഖ്, ഗുർപ്രീത് പാസ്റിച്ച, ദീപക് രാജ്, ജതിൻ ഷാ, ഹുസൈഫ ഷാക്കിർ, സ്റ്റീവൻ വാൻ കുയ്കെൻ, ക്രിസ്റ്റീന സുക്ക് എന്നിവരാണ് മറ്റംഗങ്ങൾ 

കോർപ്പറേറ്റ് രംഗത്തെയും മാധ്യമ മേഖലയിലെയും മികച്ച സേവനം പരിഗണിച്ചാണ് കൃഷ്ണ കിഷോറിനെ കമ്മീഷനിലേക്ക് തെരഞ്ഞെടുത്തത്. ഡിലോയ്റ്റ്, പിഡബ്ലുസി തുടങ്ങിയ ആഗോള കമ്പനികളിൽ മുൻ നിര നേതൃത്വത്തിൽ പരിചയസമ്പത്തും ഇദ്ദേഹത്തിനുണ്ട്. വിദ്യ കിഷോർ ജോൺസൻ ആൻഡ് ജോൺസൻ കമ്പനിയുടെ ഗ്ലോബൽ സര്‍വീസസ് വിഭാഗത്തിന്റെ എച്ച്ആര്‍ മേധാവിയാണ്. രാഗി തോമസ് സ്പ്രിങ്ക്ലർ  സിഇഒയും, ജെയ്‌മി ജേക്കബ് മുൻ യുഎസ് എംബസ്സി ഉദ്യോഗസ്ഥയും വിൻ ഗോപാൽ ന്യൂ ജേഴ്‌സി ജനപ്രതിനിധിയുമാണ്.

ന്യൂജെഴ്‌സിയും ഇന്ത്യയും തമ്മിലുള്ള സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിരമായ ദീർഘകാല സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും കമ്മീഷൻ പ്രവർത്തിക്കും. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും മുന്നോട്ട് കൊണ്ടുപോകുന്നതിനും ന്യൂജേഴ്‌സിയിലെയും ഇന്ത്യയിലേയും സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും കമ്മീഷൻ വഴിയൊരുക്കും.

ന്യൂജേഴ്‌സിയിലെ കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ളവരാണ്. ന്യൂജേഴ്‌സിയിലെ രണ്ടാമത്തെ വലിയ നേരിട്ടുള്ള വിദേശ നിക്ഷേപകരാണ് ഇന്ത്യ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ലൈഫ് സയൻസസ്, ടെക്നോളജി തുടങ്ങിയ സുപ്രധാന മേഖലകളിൽ ഏകദേശം 6,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചുകൊണ്ട്, സംസ്ഥാനത്തേക്ക് ഇന്ത്യ 2 ബില്യൺ ഡോളർ നിക്ഷേപിച്ചു. 

കമ്മീഷൻ സ്ഥാപിച്ചതിൽ സന്തോഷമുണ്ടെന്ന് കമ്മീഷൻ ചെയർ വെസ്ലി മാത്യൂസ് പറഞ്ഞു. 2019 മുതൽ സംസ്ഥാനം ഇന്ത്യയിലേക്ക് നടത്തിയ ഒന്നിലധികം ദൗത്യങ്ങൾ, ഉന്നത വിദ്യാഭ്യാസം, ലൈഫ് സയൻസ്, ടെക്നോളജി മേഖലകളിൽ ഒപ്പുവെച്ച ധാരണാപത്രങ്ങൾ എന്നിവ ശ്രദ്ധേയമാണ്. കൂടുതൽ ശക്തവും കൂടുതൽ കരുത്തുറ്റതുമായ ഒരു പങ്കാളിത്തത്തിനായി എന്റെ സഹപ്രവർത്തകരുമായി പ്രവർത്തിക്കുമെന്നും വെസ്ലി പറഞ്ഞു.

5 Malayali members in New Jersy India Commission

More Stories from this section

family-dental
witywide