തിരുവനന്തപുരം: എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ തോമസ് കെ തോമസ് എംഎല്‍എ 50 കോടി വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ പ്രതികരിച്ച് ആന്റണി രാജു. താന്‍ മന്ത്രിയാകുന്നത് തടയാന്‍ ആന്റണി രാജു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്ന തോമസ് കെ തോമസിന്റെ ആരോപണത്തിനെതിരെയാണ് ആന്റണി രാജു രംഗത്തെത്തിയത്.
അജിത് പവാര്‍ പക്ഷത്തേക്ക് ചേരാന്‍ കോവൂര്‍ കുഞ്ഞുമോനും ആന്റണി രാജുവിനും 50 കോടി വീതം തോമസ് കെ തോമസ് വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം.
തോമസ് കെ തോമസ് പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ നടത്തുകയാണെന്നും ഞാന്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ആന്റണി രാജു പ്രതികരിച്ചു. ഞാന്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിക്കുന്ന ആളല്ല മുഖ്യമന്ത്രിയെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ എല്ലാം പറയാന്‍ എനിക്ക് പരിമിതികളുണ്ടെന്നും ആന്റണി രാജു പ്രതികരിച്ചു.
കൂടാതെ, ഇന്നത്തെ വാര്‍ത്തയെ കുറിച്ച് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ടെന്നും തനിക്കറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധ്യമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ എല്ലാം തുറന്നുപറയാനാകില്ലെന്നും എന്നാല്‍ പറയേണ്ട സാഹചര്യം വന്നാല്‍ എല്ലാം തുറന്നു പറയുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം വേണമെന്ന് തോമസ് തന്നെ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണം നടക്കട്ടേയെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു.
എന്‍സിപി അജിത് പവാര്‍ പക്ഷത്തേക്ക് കൂറുമാറാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.