ഭോപ്പാൽ: ആദായനികുതി വകുപ്പും ലോകായുക്ത പോലീസും നടത്തിയ പ്രത്യേക റെയ്ഡുകളിൽ കോടികളുടെ സ്വർണവും പണവും പിടിച്ചെടുത്തു. വനത്തിനു നടുവിൽ ഉപേക്ഷിക്കപ്പെട്ട ഇന്നോവ കാറിൽ നിന്ന് 40 കോടിയിലധികം വിലവരുന്ന 52 കിലോ സ്വർണ ബിസ്‌ക്കറ്റുകളും 10 കോടി രൂപ പണവും പിടിച്ചെടുത്തു.
വനപാതയിലൂടെ സ്വർണം കടത്തുന്നുവെന്ന വിവരത്തെ തുടർന്ന് മെൻഡോറി വനമേഖലയിൽ100 പോലീസുകാരും 30 പോലീസ് വാഹനങ്ങളും അടങ്ങുന്ന സംഘം നടത്തിയ ഓപറേഷനിലാണ് കാർ കണ്ടെത്തിയത്. റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ (ആർടിഒ) മുൻ കോൺസ്റ്റബിളായ സൗരഭ് ശർമ്മയുടെ സുഹൃത്ത് ഗ്വാളിയോറിൽ താമസിക്കുന്ന ചേതൻ ഗൗറിൻ്റെതാണ് കാർ.
ആർടി ഓഫിസ് ഉദ്യോഗസ്ഥനായ ശർമ്മയും നിരവധി ബിൽഡർമാരും ഇതിനകം അന്വേഷണം നേരിടുന്നുണ്ട്. പിടിച്ചെടുത്ത സ്വർണ്ണവും പണവും ശർമയും തമ്മിൽബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്.
അതിനിടെ, വ്യാഴാഴ്ച ലോകായുക്ത സംഘം ഭോപ്പാലിലെ അരേര കോളനിയിലുള്ള ശർമ്മയുടെ വീട്ടിൽ റെയ്ഡ് നടത്തി. റെയ്ഡിൽ ഒരു കോടിയിലധികം പണവും അരക്കിലോ സ്വർണവും വജ്രവും വെള്ളിക്കട്ടികളും നിരവധി വസ്തു രേഖകളും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
പ്രമുഖ ബിൽഡർമാരെ ലക്ഷ്യം വച്ച്കഴിഞ്ഞ രണ്ട് ദിവസമായി ഭോപ്പാലിൽ നടന്ന മാരത്തൺ സെർച്ച് ഓപ്പറേഷനുകളുടെ ഭാഗമായിരുന്നു റെയ്ഡുകൾ. അന്വേഷണം നേരിടുന്ന ബിൽഡർമാർക്ക് പ്രമുഖ രാഷ്ട്രീയക്കാരുമായും ഉദ്യോഗസ്ഥരുമായും ബന്ധമുണ്ടെന്നാണ് സൂചനകൾ.
52 kg Gold 10 Crore Cash seized from a car abandoned in Jungle