വേവിക്കാത്ത പന്നിമാംസം കഴിച്ചു ; 52 കാരന്റെ തലച്ചോറില്‍ കൂടുകൂട്ടി നാടവിര !

വാഷിംഗ്ടണ്‍: കഠിനമായ തലവേദനയെത്തുടര്‍ന്ന് തനിക്ക് മൈഗ്രെയ്ന്‍ ഉണ്ടെന്നു പറഞ്ഞാണ് ആ 52 കാരന്‍ ഡോക്ടറെ കാണാനെത്തിയത്. എന്നാല്‍ തുടര്‍ പരിശോധന നടത്തിയ ഡോക്ടര്‍ പറഞ്ഞതുകേട്ട് രോഗി ഞെട്ടിപ്പോയി.

സ്‌കാനിംഗില്‍ തലച്ചോറിന്റെ ഇരുവശത്തുമായി ആദ്യം ഒന്നിലധികം സിസ്റ്റുകള്‍ കണ്ടെത്തി. വിശദമായി പരിശോധിച്ചപ്പോള്‍ അത് പന്നിയിറച്ചിയില്‍ നിന്നും മറ്റും ശരീരത്തില്‍ കടക്കുന്ന നാടവിരയുടെ മുട്ടകളാണെന്ന് കണ്ടെത്തി. വേവിക്കാത്ത പന്നിയിറച്ചി കഴിച്ചതാണ് ഇത്തരത്തിലൊരു അവസ്ഥയിലേക്ക് രോഗിയെ എത്തിച്ചതെന്നാണ് കണ്ടെത്തല്‍.

ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്ന ഇത്തരം വിരകള്‍ മുട്ടയിട്ട് പെരുകുകയും വിവിധ അവയവങ്ങളെ ബാധിക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ പടരുന്ന ന്യൂറോസിസ്റ്റിസെര്‍കോസിസ് എന്ന പരാദ അണുബാധയാണ് ഈ രോഗിയിലും ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

അമേരിക്കന്‍ ജേണല്‍ ഓഫ് കേസ് റിപ്പോര്‍ട്ടില്‍ ഈ രോഗിയുടെ അസുഖത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അടുത്തിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ രോഗിക്ക് വിരബാധയ്ക്ക് അടക്കം ചികിത്സനല്‍കുകയും തലച്ചോറിലെ വീക്കം കുറയ്ക്കാന്‍ പ്രത്യേക മരുന്നുകള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.

അമേരിക്കയില്‍ ഓരോ വര്‍ഷവും നല്ലരീതിയില്‍ വേവിക്കാത്ത പന്നിയിറച്ചി കഴിക്കുന്നവരില്‍ ഇത്തരം രോഗബാധ ധാരാളമായി കണ്ടുവരുന്നുണ്ട്. യുഎസില്‍ ഓരോ വര്‍ഷവും 1,320-നും 5,050-നും ഇടയില്‍ ന്യൂറോസിസ്റ്റിസെര്‍കോസിസ് കേസുകള്‍ ഉണ്ടാകുന്നുണ്ടെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) കണക്കുകള്‍ സൂചിപ്പിക്കുന്നു.

52 year old man suffered brain damage after eat uncooked pork meat