വാരണാസി: ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയിൽ ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ 55 ശിലാശില്പങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. 15 ശിവലിംഗം, വിഷ്ണുവിന്റെ മൂന്ന് ശിൽപങ്ങൾ, ഗണപതിയുടെ മൂന്ന്, നന്ദിയുടെ രണ്ടെണ്ണം എന്നിങ്ങനെ 55 ശില്പങ്ങളാണ് കണ്ടെത്തിയതായാണ് റിപ്പോർട്ട്. രണ്ട് കൃഷ്ണ വിഗ്രഹവും, അഞ്ച് ഹനുമാൻ വിഗ്രഹവും കണ്ടെത്തിയതായും എഎസ്ഐ റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 17-ാം നൂറ്റാണ്ടിൽ ഔറംഗസീബിന്റെ ഭരണകാലത്ത് ഇവിടെ ക്ഷേത്രം നശിപ്പിക്കപ്പെട്ടതായി കാണപ്പെടുന്നുവെന്ന് വാരണാസി ജില്ലാ കോടതി നിയോഗിച്ച എഎസ്ഐ നിഗമനം.
റിപ്പോർട്ടിന്റെ പകർപ്പുകൾ കോടതിക്കും, ഹിന്ദു, മുസ്ലീം വ്യവഹാരക്കാർക്കും കൈമാറി. 55 ശിലാ ശില്പങ്ങൾ, 21 വീട്ടുപകരണങ്ങൾ, അഞ്ച് “ആലേഖനം ചെയ്ത സ്ലാബുകൾ”, 176 “വാസ്തുവിദ്യാ അംഗങ്ങൾ” എന്നിവയുൾപ്പെടെ 259 “കല്ലുകൊണ്ടുള്ള വസ്തുക്കൾ” കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സർവേയിൽ മൊത്തം 27 ടെറാക്കോട്ട വസ്തുക്കൾ, 23 ടെറാക്കോട്ട പ്രതിമകൾ എന്നിവ കണ്ടെത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
മൊത്തം 113 ലോഹ വസ്തുക്കളും 93 നാണയങ്ങളും – ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ 40, 21 വിക്ടോറിയ ക്വീൻ നാണയങ്ങൾ, മൂന്ന് ഷാ ആലം ബാദ്ഷാ-II നാണയങ്ങൾ എന്നിവയുൾപ്പെടെ – സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. സർവേയ്ക്കിടെ കണ്ടെടുത്ത എല്ലാ വസ്തുക്കളും വാരണാസി ജില്ലാ ഭരണകൂടത്തിന് കൈമാറി .കൃഷ്ണന്റെ ഒരു ശിൽപം മണൽക്കല്ലിൽ തീർത്തതാണെന്നും മധ്യകാലഘട്ടത്തിന്റെ അവസാന കാലത്തുള്ളതാണ് ഇതെന്നും റിപ്പോർട്ടിൽ പറയുന്നു. നിലവറ എസ് 2 ന്റെ കിഴക്ക് ഭാഗത്ത് നിന്നുമാണ് ഇത് കണ്ടെത്തിയത്. 15 സെന്റിമീറ്റർ ഉയരവും, 8 സെന്റിമീറ്റർ വീതിയും 5 സെന്റിമീറ്റർ കനവും ഉള്ളതാണ് കൃഷ്ണന്റെ വിഗ്രഹമെന്നും റിപ്പോർട്ടിൽ പറയുന്നു.
“നിലവിലുള്ള ഭാഗം തലയില്ലാത്ത ഒരു പുരുഷദേവനെ ചിത്രീകരിക്കുന്നു. രണ്ടു കൈകളും ഒടിഞ്ഞെങ്കിലും വലതുകൈ ഉയർത്തിയിരിക്കുന്നതായി തോന്നുന്നു. ഇടതുകൈ ശരീരത്തിന് മുകളിലൂടെ പോകുന്നതായി തോന്നുന്നു. വലത് കാൽ മുട്ടിന് മുകളിലാണ്. ഇടത് കാൽ ഇടുപ്പിൽ ഒടിഞ്ഞിട്ടുണ്ട്. ഭാവവും ഐക്കണോഗ്രാഫിക് സവിശേഷതകളും അടിസ്ഥാനമാക്കി, ഇത് ശ്രീകൃഷ്ണന്റെ ഒരു ചിത്രമാണെന്ന് തോന്നുന്നു,” എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
മാർബിളിൽ നിർമ്മിച്ച ഹനുമാന്റെ വിഗ്രഹമാണ് റിപ്പോർട്ടിൽ പട്ടികപ്പെടുത്തിയിരിക്കുന്ന മറ്റൊരു ശിൽപം. റിപ്പോർട്ടിൽ ലിസ്റ്റുചെയ്തിരിക്കുന്ന ഒരു “ശിവലിംഗം” മണൽക്കല്ലുകൊണ്ട് നിർമ്മിച്ചതാണ്. “വിഷ്ണു” വിന്റെ മറ്റൊരു ശിൽപം മണൽക്കല്ലിൽ നിർമ്മിച്ചതാണ്.