
ഷിംല: ആറ് കോൺഗ്രസ് എംഎൽഎമാരെ സിആർപിഎഫും ഹരിയാന പൊലീസും ചേർന്ന് തട്ടികൊണ്ടു പോയെന്ന ആരോപണവുമായി മുഖ്യമന്ത്രി സുഖ്‍വീന്ദർ സുകു. ഹിമാചൽപ്രദേശിലെ ഏക രാജ്യസഭ സീറ്റിലേക്കുളള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ബിജെപി നേതാക്കൾ ക്ഷമ കാണിക്കണമെന്നും പോളിങ് ഓഫീസർമാരെ ഭീഷണിപ്പെടുത്തരുതെന്നും സുഖ്‌വീന്ദർ ആവശ്യപ്പെട്ടു.
വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ ബിജെപി നേതാക്കൾ പോളിങ് ഓഫീസർമാരെ ഭീഷണിപ്പെടുത്തുകയാണെന്നും ഇത് ജനാധിപത്യത്തിന് ഒട്ടും നല്ലതല്ലെന്നും ഇതുമൂലം അദ്ദേഹം പറഞ്ഞു. ഇതേതുർന്ന് ദീർഘനേരത്തേക്ക് വോട്ടെണ്ണൽ നിർത്തിവെക്കേണ്ടി വന്നു. ഹിമാചലിലെ ബിജെപി നേതാക്കൾ ക്ഷമകാണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ ആറോളം എംഎൽഎമാരെ സിആർപിഎഫ് കൊണ്ടു പോയെന്നും അദ്ദേഹം പറഞ്ഞു. ഈ എംഎൽഎമാർ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസഭ തെരഞ്ഞെടുപ്പിൽ ഹിമാചൽപ്രദേശിലെ 68 എം.എൽ.എമാരിൽ 67 പേരും വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് എംഎൽഎ സുദർശൻ സിങ് ബബ്‍ലു അസുഖം കാരണം വോട്ടെുപ്പിൽ പങ്കെടുത്തില്ല.
മനു അഭിഷേക് സിങ്‍വിയാണ് കോൺഗ്രസ് രാജ്യസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി . 68 ൽ 40 എംഎൽഎമാരുടെ പിന്തുണയോടെ ഹിമാചൽ നിയമസഭയിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. മൂന്ന് സ്വതന്ത്ര എംഎൽഎമാരുടേയും പിന്തുണ കോൺഗ്രസിനാണ്.
അതേസമയം, നിയമസഭയിൽ 25 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. ഞായറാഴ്ച മനു അഭിഷേക് സിങ്‍വിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാർക്ക് വിപ്പ് നൽകിയിരുന്നു.