വാഷിങ്ടണ്‍: ഇത്തവണത്തെ യുഎസ് തിരഞ്ഞെടുപ്പില്‍ ജനപ്രതിനിധി സഭയിലേക്ക് ആറ് ഇന്ത്യന്‍ വംശജര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇക്കൂട്ടത്തില്‍ വെര്‍ജീനിയയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍-അമേരിക്കന്‍ അഭിഭാഷകനായ സുഹാസ് സുബ്രഹ്‌മണ്യത്തിന്റെ നേട്ടമാണ് ഏറെ പ്രാധാനപ്പെട്ടത്.വെര്‍ജീനിയ സംസ്ഥാനത്ത് നിന്ന് മാത്രമല്ല, യു.എസ്സിന്റെ കിഴക്കന്‍തീര സംസ്ഥാനങ്ങളില്‍നിന്നു തന്നെ ആദ്യമായി ജനപ്രതിനിധി സഭയിലെത്തുന്ന ഇന്ത്യന്‍ വംശജനാണ് സുഹാസ് സുബ്രഹ്‌മണ്യം. സമോസ കോക്കസ്’ എന്നാണ് യു.എസ്സിലെ ഇന്ത്യന്‍ വംശജരായ ജനപ്രതിനിധികളെ വിശേഷിപ്പിക്കുന്നത്.
നിലവില്‍ ഇന്ത്യന്‍ വംശജരായ അഞ്ചുപേരാണ് ജനപ്രതിനിധിസഭയില്‍ ഉള്ളത്. അമി ബേര, രാജ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയ്പാല്‍, ശ്രീ തനേദാര്‍ എന്നിവരാണ് അവര്‍. ഈ അഞ്ചുപേരും ജനപ്രതിനിധി സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. സുഹാസ് സുബ്രഹ്‌മണ്യം കൂടി എത്തുന്നതോടെ സമോസ കോക്കസിലെ അംഗങ്ങളുടെ എണ്ണം ആറായി ഉയര്‍ന്നു.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് ക്ലന്‍സിയെ പരാജയപ്പെടുത്തിയാണ് സുഹാസ് സുബ്രഹ്‌മണ്യം വിജയിച്ചത്. മുൻ യുഎസ് പ്രസിഡൻ്റ് ബരാക്ക് ഒബാമയുടെ വൈറ്റ് ഹൗസ് ഉപദേഷ്ടാവായിരുന്നു ഇന്ത്യന്‍-ഏഷ്യന്‍ സമൂഹത്തിന്റെ മുഖമായി അറിയപ്പെടുന്ന സുഹാസ് സുബ്രഹ്‌മണ്യം.
അരിസോണയിലെ ഒന്നാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടിൽ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്കെതിരെ അമിഷ് ഷാ വിജയിക്കുകയാണെങ്കില്‍ സമോസ കോക്കസില്‍ ഒരാള്‍ കൂടിയെത്തും. കടുത്ത പോരാട്ടമാണ് അവിടെ നടക്കുന്നത്. അന്തിഫലം വന്നാല്‍ മാത്രമേ ആര് വിജയിച്ചു എന്ന് പറയാന്‍ കഴിയൂ.
മിഷിഗണിലെ 13-ാം കോണ്‍ഗ്രഷണല്‍ ജില്ലയുടെ പ്രതിനിധിയാണ് ശ്രീതനേദാര്‍. ഇല്ലിനോയിയിലെ ഏഴാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടിലെ പ്രതിനിധിയാണ് രാജ കൃഷ്ണമൂര്‍ത്തി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് അദ്ദേഹം ഹൌസിലേക്ക് എത്തുന്നത്. കാലിഫോര്‍ണിയയിലെ 17-ാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടിൽ നിന്നാണ് റോ ഖന്ന തിരഞ്ഞെടുക്കപ്പെട്ടത്. വാഷിങ്ടണ്‍ സംസ്ഥാനത്തെ ഏഴാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ട് പ്രതിനിധിയാണ് പ്രമീള ജയ്പാല്‍. ഡോക്ടര്‍ കൂടിയായ അമി ബേരയാണ് ഇക്കൂട്ടത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം. കാലിഫോര്‍ണിയയിലെ ആറാം കോണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ട് പ്രതിനിധിയാണ് അദ്ദേഹം. തുടര്‍ച്ചയായി ഏഴാം തവണയാണ് അദ്ദേഹം . ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.
6 Indian origin people in US House of Representatives