ജയ്പൂരിൽ കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം; 6 പേർ മരിച്ചു, ഒരാൾക്ക് പരുക്ക്

ന്യൂഡൽഹി: ശനിയാഴ്ച രാജസ്ഥാനിലെ ജയ്പൂർ ജില്ലയിലെ ബാസി മേഖലയിലെ കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറ് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് വൈകുന്നേരത്തോടെ തീപിടിത്തമുണ്ടായതെന്ന് ജയ്പൂർ ജില്ലാ കളക്ടർ പ്രകാശ് രാജ്‌പുരോഹിത് പറഞ്ഞു.

പരുക്കേറ്റ രണ്ടുപേരെ ജയ്പൂരിലെ സവായ് മാൻ സിംഗ് സർക്കാർ ആശുപത്രിയിൽ അടിയന്തര വൈദ്യസഹായത്തിനായി കൊണ്ടുപോയെങ്കിലും 95 ശതമാനം പൊള്ളലേറ്റ ഒരാൾ ആശുപത്രിയിൽവച്ച് മരിച്ചുവെന്ന് അധികൃതർ അറിയിച്ചു.

“പരിക്കേറ്റവരെ ഇവിടെ എസ്എംഎസ് ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്. അവർക്ക് ഗുരുതരമായ പരുക്കുകളാണ്. മെച്ചപ്പെട്ട ചികിത്സ നൽകാൻ ഡോക്ടർമാർ പരമാവധി ശ്രമിക്കുന്നുണ്ട്,” ഡിസി രാജ്പുരോഹിത് പറഞ്ഞു. വിഷയത്തിൽ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ജയ്പൂർ പോലീസ് കമ്മീഷണർ ബിജു ജോർജ്ജ് ജോസഫ് സ്ഥിരീകരിച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അപകടത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുകയും ദുരിതബാധിതർക്ക് എല്ലാ സഹായവും നൽകാൻ ഉദ്യോഗസ്ഥരോട് നിർദേശിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഫാക്ടറി ഉടമ ഒളിവിൽ പോയതായാണ് വിവരം.

More Stories from this section

family-dental
witywide