‘ആറുമാസത്തേക്കുള്ള ഭക്ഷണവും ഡീസലും കരുതിയിട്ടുണ്ട്’; ലക്ഷ്യം കണ്ടേമടങ്ങൂവെന്ന് കര്‍ഷകര്‍

ന്യൂഡൽഹി: പ്രതിഷേധവുമായി എത്തുന്ന ആയിരക്കണക്കിന് കർഷകർ, ദേശീയ തലസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് തടയാൻ അതിർത്തികൾ അടച്ചിട്ടും സേനകളെ വിന്യസിച്ചും കേന്ദ്രസർക്കാർ പഠിച്ച പണി പതിനെട്ടും പയറ്റുമ്പോൾ, എല്ലാം നേരിടാൻ സജ്ജരായാണ് കർഷകർ എത്തുന്നത്. പ്രക്ഷോഭം നീണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ആറുമാസത്തേക്ക് വേണ്ട ഭക്ഷണവും ആവശ്യത്തിന് ഡീസലും കൈയിൽ കരുതിയാണ് തങ്ങൾ ഡൽഹിയിലേക്ക് തിരിച്ചിരിക്കുന്നതെന്ന് കർഷകർ പറയുന്നു. അനിശ്ചിതകാലത്തേക്ക് സമരം നീണ്ടുപോകുമെന്ന സൂചനയാണ് കര്‍ഷകര്‍ നല്‍കുന്നത്.

കേന്ദ്രസര്‍ക്കാര്‍ തങ്ങളുടെ ക്ഷമയെ പരീക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ അതൊന്നും ഇത്തവണ സമരത്തെ ബാധിക്കില്ലെന്നും കഴിഞ്ഞ തവണത്തെ പോലെ സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ച് മടങ്ങില്ലെന്നും ആവശ്യങ്ങളെല്ലാം അംഗീകരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമേ മടങ്ങൂ എന്നും കര്‍ഷകര്‍ പറയുന്നു.

“സൂചി മുതൽ ചുറ്റിക വരെ, കല്ല് പൊട്ടിക്കാനുള്ള ഉപകരണങ്ങൾ ഉൾപ്പെടെ ഞങ്ങളുടെ ട്രോളികളിൽ ഞങ്ങൾക്ക് വേണ്ടതെല്ലാം ഉണ്ട്. ആറ് മാസത്തേക്കു വേണ്ട ഭക്ഷണവുമായാണ് ഞങ്ങൾ ഗ്രാമങ്ങളിൽ നിന്നും പുറപ്പെട്ടിരിക്കുന്നത്. ഞങ്ങളുടെ ആവശ്യങ്ങൾക്കു പുറമെ ഹരിയാനയിൽ നിന്നുള്ള ഞങ്ങളുടെ സഹോദരങ്ങൾക്കു വേണ്ട സാധനങ്ങളും ഞങ്ങൾ കരുതിയിട്ടുണ്ട്,” പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള കർഷകനായ ഹർഭജൻ സിംഗ് എൻഡിടിവിയോട് പറഞ്ഞു. ട്രാക്ടറുകളും ട്രോളികളും ഉപയോഗിച്ച് നടത്തുന്ന മാർച്ച് പരാജയപ്പെടുത്താൻ ഡീസൽ നൽകുന്നില്ലെന്ന് കർഷകർ ആരോപിച്ചു.

More Stories from this section

family-dental
witywide