നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 6000 ഇന്ത്യന്‍ തൊഴിലാളികള്‍ മെയ് മാസത്തോടെ ഇസ്രായേലിലെത്തും

ന്യൂഡല്‍ഹി: യുദ്ധത്തെത്തുടര്‍ന്നുണ്ടായ തകര്‍ച്ചയില്‍ ഇസ്രയേലിനെ സഹായിക്കാന്‍ ഇന്ത്യയില്‍ നിന്നും 6000 തൊഴിലാളികള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഇസ്രായേലിലെത്തും. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ നിര്‍മാണ മേഖലയില്‍ കടുത്ത ക്ഷാമം നേരിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇസ്രായേലി തൊഴിലാളികളുടെ കുറവുള്ള പ്രത്യേക മേഖലകളിലാണ് ഇവരെ നിയമിക്കുക.

രാജ്യങ്ങള്‍ തമ്മിലുള്ള ഗവണ്‍മെന്റ്-ടു-ഗവണ്‍മെന്റ് (ജി 2 ജി) ഉടമ്പടി പ്രകാരമാണ് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ ഇസ്രായേലിലേക്ക് കൊണ്ടുവരുന്നത്. ചാര്‍ട്ടര്‍ ഫ്ളൈറ്റുകള്‍ക്ക് സബ്സിഡി നല്‍കാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, ധനമന്ത്രാലയം, നിര്‍മാണ, ഭവന മന്ത്രാലയം എന്നിവയുടെ സംയുക്ത തീരുമാനത്തെത്തുടര്‍ന്ന് തൊഴിലാളികളെ എയര്‍ ഷട്ടില്‍ വഴി ഇസ്രായേലിലേക്ക് കൊണ്ടുവരുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കരാര്‍ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യയില്‍ നിന്നുള്ള 64 നിര്‍മാണ തൊഴിലാളികള്‍ ഇസ്രായേലിലെത്തി. വരാനിരിക്കുന്ന ആഴ്ചകളില്‍ കൂടുതല്‍ പേര്‍ എത്തിച്ചേരുമെന്നും, ഏപ്രില്‍ പകുതിയോടെ മൊത്തം 850 പേരോളം എത്തുമെന്നും ഇസ്രയേല്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങളിലെയും ഹ്യൂമന്‍ റിസോഴ്സ് ഏജന്‍സികള്‍ ഉള്‍പ്പെടുന്ന ബി2ബി റൂട്ടിലൂടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയില്‍ നിന്ന് 900-ലധികം നിര്‍മ്മാണ തൊഴിലാളികള്‍ എത്തിയിട്ടുണ്ട്.

ഇസ്രയേലി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ (ഐസിഎ) നടത്തിയ സ്‌ക്രീനിംഗ് ടെസ്റ്റിലൂടെ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള 20,000-ത്തിലധികം തൊഴിലാളികള്‍ക്ക് ജോലിക്ക് അംഗീകാരം ലഭിച്ച മൂന്ന് മാസത്തിന് ശേഷം ഏകദേശം 1,000 തൊഴിലാളികള്‍ മാത്രമാണ് എത്തിയിട്ടുള്ളത്. വിവിധ പെര്‍മിറ്റുകള്‍ നേടുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളാണ് കാലതാമസത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നത്.

മുമ്പ്, പലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കില്‍ നിന്നും 80,000 തൊഴിലാളികളുള്ള ഏറ്റവും വലിയ സംഘവും, 17,000 പേര്‍ ഗാസ മുനമ്പില്‍ നിന്നുമാണ് ഇസ്രയേയില്‍ ജോലിക്ക് എത്തിയിരുന്നത്. എന്നാല്‍ ഒക്ടോബറില്‍ സംഘര്‍ഷം ആരംഭിച്ചതോടെ അവരില്‍ ഭൂരിഭാഗം പേരുടെയും വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കി.

More Stories from this section

family-dental
witywide